ഗോഡ്​സെയെ പോലുള്ള ദേശസ്​നേഹികളെ തീവ്രവാദി എന്ന്​ വിളിക്കുന്നു -പ്രഗ്യാസിങ്​ താക്കൂർ

ഗോഡ്​സെയെ​ പോലുള്ള ദേശസ്​നേഹികളെ കോൺഗ്രസ്​ അപമാനിക്കുന്നെന്ന്​ ബി.ജെ.പി എം.പി പ്രഗ്യാസിങ്​ താക്കൂർ. പണ്ടുമുതലേ കോൺഗ്രസ്​ ഇങ്ങിനെ ചെയ്​തിരുന്നതായും അവർ പറഞ്ഞു. ഗോഡ്സെയെ ഇന്ത്യയിലെ 'ആദ്യത്തെ തീവ്രവാദി' എന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ്​ സിങ്​ വിശേഷിപ്പിച്ചതിനോട്​ പ്രതികരിക്കുകയായിരുന്നു പ്രഗ്യ. ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപിയും​ 2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമാണ്​ പ്രഗ്യാസിങ്​ താക്കൂർ.


'കോൺഗ്രസ് എല്ലായ്പ്പോഴും ദേശസ്‌നേഹികളെ അപമാനിക്കുകയാണ്​. അവരെ 'കുങ്കുമ തീവ്രവാദികൾ' എന്നാണ്​ കോൺഗ്രസ്​ വിളിക്കുന്നത്​. ഇതിനേക്കാൾ മോശമായ പ്രയോഗമില്ല. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല' -ദിഗ്‌വിജയ് സിങിന്‍റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രഗ്യ ഉജ്ജൈനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2019 മെയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഗോഡ്സെയെ ദേശസ്നേഹി എന്ന് വിളിച്ച പ്രഗ്യയുടെ നടപടി വിവാദമായിരുന്നു. പിന്നീട്​ ഈ സംഭവത്തിൽ അവർ ക്ഷമചോദിക്കുകയും പ്രസ്താവന പിൻവലിക്കുകയും ചെയ്തു.

2019 നവംബറിൽ ലോക്സഭയിൽ ഗോഡ്​സേയെ പറ്റി നടത്തിയ പരാമർശത്തിലും അവർ മാപ്പ്​ പറഞ്ഞിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഗ്വാളിയറിൽ ഗോഡ്സെയുടെ പേരിൽ പഠന കേന്ദ്രം ഹിന്ദു മഹാസഭ തുറന്നെങ്കിലും ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടലിനെ തുടർന്ന് രണ്ട് ദിവസത്തിന് ശേഷം അടച്ചു. എബിവിപി പരിപാടിയിൽ പങ്കെടുക്കാനാണ്​ പ്രഗ്യ ഉജ്ജൈനിൽ എത്തിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.