ഭോജ്‌രാജ് നാഗ്
ന്യൂഡൽഹി: മഹാദേവന് പ്രാർഥിച്ച് നാരങ്ങ മുറിച്ചാണ് താൻ പരിപാടിക്കിടെയുണ്ടായ മഴ തടഞ്ഞതെന്ന ബി.ജെ.പി എം.പിയുടെ അവകാശവാദത്തിന് പിന്നാലെ പൊങ്കാല. രാജ്യത്ത് നിലവിൽ ബുദ്ധിമുട്ടിലാക്കുന്ന പഞ്ചസാരയിലടക്കമുള്ള വിലക്കയറ്റം പിടിച്ചുകെട്ടാൻ ഈ വിദ്യ എം.പി ഒന്ന് പരീക്ഷിച്ചു നോക്കട്ടെ എന്നായിരുന്നു കോൺഗ്രസിന്റെ പരിഹാസം.
ഛത്തീസ്ഗഢിലെ കങ്കർ ലോക്സഭാംഗവും ബി.ജെ.പി വക്താവുമായ ഭോജ്‌രാജ് നാഗാണ് വിവാദമായ പരാമർശം നടത്തിയത്. മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ സന്ദർശനത്തോടനുബന്ധിച്ച് ദൗന്ദിലോഹാരയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി. മുഖ്യമന്ത്രിയുടെ സന്ദർശന സമയത്ത് മോശം കാലാവസ്ഥയും കനത്ത മഴയുമായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് താൻ ബുധദേവിനെയും മഹാദേവനെയും പ്രാർഥിച്ച് നാരങ്ങ മുറിക്കുകയാണുണ്ടായതെന്നും, അതോടെ മഴ പൂർണമായും നിന്നുവെന്നുമാണ് എം.പിയുടെ അവകാശവാദം. തുടർന്ന് മഴ നിന്നതോടെ ചടങ്ങ് സുഗമമായി നടക്കുകയും ഈ വഴി സ്വീകരിച്ചതിനാലാണ് കാലാവസ്ഥ അനുകൂലമായതെന്നുമാണ് അദ്ദേഹം വാദിച്ചത്.
എന്നാൽ എം.പിയുടെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. രാജ്യത്ത് സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന വിലക്കയറ്റം തടയാൻ എം.പി ഈ നാരങ്ങ മുറിക്കൽ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കണമെന്നാണ് കോൺഗ്രസ് നേതാക്കൾ പരിഹസിച്ചത്. അശാസ്ത്രീയമായ വാദങ്ങൾ ഉന്നയിക്കുന്ന ജനപ്രതിനിധികൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.