ന്യൂഡൽഹി: ഐ.ഐ.ടി ഡൽഹി വിദ്യാർഥി ഋഷികേഷ് കുമാറിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമഗ്രമായ മാറ്റം ആവശ്യമാണെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. വിദ്യാർഥികൾക്ക് ആവശ്യമായ പിന്തുണയും അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാനുള്ള അവസരവും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും നൽകുന്ന അന്തരീക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മേഖലയിലെ സാഹചര്യത്തെക്കുറിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം പ്രതികരിച്ചത്. രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളായി കണക്കാക്കപ്പെടുന്ന ഐ.ഐ.ടികളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 65 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻനിര സ്ഥാപനങ്ങളിൽ പോലും ഇതാണ് സാഹചര്യമെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിതി കൂടി ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികൾ ഒറ്റപ്പെടുകയും അമിത സമ്മർദം നേരിടുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. പിന്തുണ ആവശ്യമായപ്പോൾ അത് ലഭിക്കുകയും സ്വന്തം പ്രശ്നങ്ങൾ തുറന്നുപറയാൻ കഴിയുകയും ചെയ്യുന്ന അന്തരീക്ഷം ക്യാമ്പസുകളിൽ ഉറപ്പാക്കണമെന്നും ദിപ്കെ വ്യക്തമാക്കി.
ആഗസ്റ്റ് 22നാണ് എം.എസ്.സി ഫിസിക്സ് വിദ്യാർഥി ഋഷികേഷ് കുമാർ മരിച്ചത്. ഐ.ഐ.ടി ഡൽഹിയിലെ ലക്ചർ ഹാൾ കോംപ്ലക്സിന്റെ ആറാം നിലയിൽ നിന്ന് വീണാണ് മരണമെന്നാണ് പൊലീസ് അറിയിച്ചത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഇതിനിടെ, ഋഷികേഷിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പരിശോധിക്കാൻ ഐ.ഐ.ടി ഡൽഹി ബാഹ്യ അന്വേഷണ സമിതി രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. വിരമിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുക്ത ഗുപ്തയാണ് സമിതിയുടെ അധ്യക്ഷ. ന്യൂഡൽഹി എയിംസിലെ സൈക്യാട്രി വിഭാഗം മേധാവി പ്രൊഫസർ പ്രതാപ് ശരൺ, നാല് വിദ്യാർഥി പ്രതിനിധികൾ, ഐഐടി ഡൽഹി രജിസ്ട്രാർ എന്നിവരും സമിതിയിലുണ്ടാകും. രജിസ്ട്രാർ സമിതിയുടെ സെക്രട്ടറി, കൺവീനർ ചുമതലകളും വഹിക്കും.
വിദ്യാർഥികൾ, അധ്യാപകർ, ഭരണവിഭാഗം ഉദ്യോഗസ്ഥർ എന്നിവരുമായി സമിതി ആശയവിനിമയം നടത്തും. നിലവിലുള്ള പ്രോട്ടോക്കോളുകളും നടപടിക്രമങ്ങളും പരിശോധിച്ച ശേഷം വിദ്യാർഥികൾക്കുള്ള പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും സമിതി മുന്നോട്ടുവെക്കും. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സമിതിക്ക് നൽകിയിരിക്കുന്ന നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.