ഇ. അബുബക്കർ, എഞ്ചിനീയർ റഷീദ്
ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ ദേശീയ ചെയർമാൻ ഇ. അബൂബക്കറിന്റെ ജീവൻ രക്ഷിക്കാൻ പാർലമെന്റ് അംഗങ്ങൾ അടിയന്തരമായി ഇടപെടണമെന്ന് ബാരാമുള്ള എംപി എൻജിനീയർ റഷീദ്. വാർദ്ധക്യസഹജമായ അസുഖങ്ങളും കാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളും അലട്ടുന്ന അദ്ദേഹത്തിന് മാനുഷിക പരിഗണന നൽകി ജയിൽ മോചനം ഉറപ്പാക്കണമെന്നും അല്ലെങ്കിൽ മികച്ച വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എൻജിനീയർ റഷീദ് രാജ്യത്തെ എംപിമാർക്ക് കത്തയച്ചു.
72-കാരനായ അബൂബക്കർ പാർക്കിൻസൺസ്, പ്രോസ്റ്റേറ്റ് കാൻസർ, കാഴ്ചക്കുറവ് തുടങ്ങിയ ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജയിൽ അന്തരീക്ഷം അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളാക്കുകയാണെന്നും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും മറ്റുള്ളവരുടെ സഹായം ആവശ്യമുള്ള അവസ്ഥയിലാണ് അദ്ദേഹമെന്നും റഷീദ് വ്യക്തമാക്കി.
രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും, ജീവിക്കാനുള്ള മൗലികാവകാശവും വൈദ്യസഹായവും നിഷേധിക്കപ്പെടരുതെന്ന് എൻജിനീയർ റഷീദ് ആവശ്യപ്പെട്ടു. വിചാരണത്തടവുകാരനായി തുടരുന്ന അദ്ദേഹത്തിന് ഇടക്കാല ജാമ്യം നൽകാനോ അല്ലെങ്കിൽ വീട്ടുതടങ്കൽ അനുവദിക്കാനോ കേന്ദ്ര സർക്കാരിലും നീതിന്യായ വ്യവസ്ഥയിലും സമ്മർദ്ദം ചെലുത്താൻ രാഷ്ട്രീയ ഭേദമന്യേ എല്ലാ പാർലമെന്റ് അംഗങ്ങളും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.