50 ശതമാനത്തിനുമേൽ വോട്ടുള്ള 46 സീറ്റുകൾ നഷ്ടപ്പെട്ട് ബി.ജെ.പി
ന്യൂഡൽഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ട് ലഭിച്ച 46 സീറ്റുകൾ ബി.ജെ.പിക്ക് ഇക്കുറി നഷ്ടമായി. രാജ്യത്താകെ 224 സീറ്റുകളിലാണ് കഴിഞ്ഞ തവണ 50 ശതമാനത്തിന് മുകളിൽ വോട്ട് നേടി പാർട്ടി വിജയിച്ചത്. ഇതിൽ 29 സീറ്റ് കോൺഗ്രസും ഒമ്പത് സീറ്റ് സമാജ്വാദി പാർട്ടിയും നാല് സീറ്റ് ശരത് പവാറിന്റെ എൻ.സി.പിയുമാണ് പിടിച്ചെടുത്തത്.
പകുതിയിലധികം വോട്ടുകൾ ലഭിച്ചതിനാൽ, 224 സീറ്റിൽ ബി.ജെ.പി ആധിപത്യം സ്ഥാപിച്ചെന്നും ഇനി നഷ്ടമാകില്ലെന്നുമായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും 10 വീതവും രാജസ്ഥാനിൽ ഒമ്പത് സീറ്റുകളുമാണ് ബി.ജെ.പിയിൽനിന്നും പ്രതിപക്ഷ പാർട്ടികൾ പിടിച്ചെടുത്തത്. കൂടാതെ, 50 ശതമാനത്തിന് മുകളിൽ വോട്ട് നേടിയ ഡൽഹിയിലെ ഏഴ് സീറ്റുകൾ ഉൾപ്പെടെ മിക്ക മണ്ഡലങ്ങളിലും മാർജിൻ കുറക്കാൻ പ്രതിപക്ഷത്തിന് സാധിച്ചു. ഹരിയാനയിലെ സിർസ മണ്ഡലത്തിൽ 2019ൽ മൂന്ന് ലക്ഷം വോട്ടുകൾക്കാണ് ബി.ജെ.പി സ്ഥാനാർഥി വിജയിച്ചത്. ഇക്കുറി കോൺഗ്രസ് നേതാവ് കുമാരി ശെൽജ ഇവിടെ നിന്നും വിജയിച്ചത് 2.6 ലക്ഷം വോട്ടുകൾക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.