ഭോപ്പാൽ: അടുത്ത അഞ്ചോ പത്തോ വർഷത്തേക്കല്ല ബി.ജെ.പി അധികാരത്തിലിരിക്കുകയെന്നും കുറഞ്ഞത് 50 വർഷമെങ്കിലും പാർട്ടി രാജ്യം ഭരിക്കുമെന്നും പ്രസിഡന്റ് അമിത് ഷാ. പാർട്ടി പ്രവർത്തകരോട് ബി.ജെ.പിയെ ശക്തിപ്പെടുത്താനും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ വൻ ഭൂരിപക്ഷമുള്ള സർക്കാരിനോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 1,387 എം.എൽ.എമാരും 330 പാർലമെൻറംഗങ്ങളുംബി.ജെ.പിക്കൊപ്പമുണ്ടെന്നും പാർട്ടിക്ക് ഇനിയും മുന്നേറാനുണ്ടെന്നും ഷാ പറഞ്ഞു.
അഞ്ചോ പത്തോ വർഷത്തേക്ക് ബി.ജെ.പി അധികാരത്തിൽ വരില്ലായിരിക്കും. പക്ഷേ കുറഞ്ഞത് 50 വർഷമെങ്കിലും ഞങ്ങൾ ഈ നിലയിൽ ഇന്ത്യ ഭരിക്കും. ഇക്കാലയളവിൽ അധികാരത്തിലിരുന്ന് രാജ്യത്ത് വലിയ മാറ്റങ്ങൾ വരുത്തുന്നത് ഉറപ്പാക്കണം.മധ്യപ്രദേശ് ബി.ജെ.പി ക്യാമ്പിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. ഓഫീസ് ഭാരവാഹികൾ, എം.പിമാർ, എം.എൽ.എമാർ, പാർട്ടി ജില്ലാ മേധാവികൾ എന്നിവരോടായിരുന്നു ഷായുടെ പ്രസംഗം.
ബി.ജെ.പി പ്രവർത്തകരുമായും നേതാക്കളുമായും കൂടിക്കാഴ്ച നടത്താൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ഷാ മധ്യപ്രദേശിലെത്തിയത്.മുൻഗാമികളുടെ വർഷങ്ങളായുള്ള കഠിനാധ്വാനവും അർപ്പണ മനോഭാവും കാരണമാണ് രാഷ്ട്രീയ ശക്തിയായി പാർട്ടി ഇന്നെത്തി നിൽക്കുന്നതെന്നും അമിത് ഷാ പ്രവർത്തകരെ ഓർമിപ്പിച്ചു. ഇന്ന് ബിജെപി 10-12 കോടി അംഗങ്ങളുള്ള പാർട്ടിയാണ്. നമ്മുടെ പതാക ഇല്ലാത്ത ഒരു സ്ഥലവും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി സംഘടനയെ നിങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. കശ്മീർ മുതൽ കന്യാകുമാരി വരെ, കാംറൂപ് മുതൽ കച്ച് വരെയുളള എല്ലാ പോളിങ് ബൂത്തുകളിലും ബി.ജെ.പിയുടെ ശക്തി ഉറപ്പാക്കാൻ അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.