കേരളത്തെ ഭീകരതയുടെ കേന്ദ്രമാക്കി ചിത്രീകരിക്കാൻ തരൂരിന്‍റെ ട്വീറ്റ്​ ഉദ്ധരിച്ച്​ ബി.ജെ.പി നേതാവ്​; വ്യാഖ്യാനിച്ച്​ തരൂർ

താലിബാൻ സംഘത്തിൽ മലയാളികളുടെ സാന്നിധ്യം സംശയിച്ച്​ ശശി തരൂർ പങ്കുവെച്ച ട്വീറ്റ്​ ഏറ്റെടുത്ത്​ ബി.ജെ.പി നേതാവ്​. കേരളം ഭീകരവാദികളുടെ റിക്രൂട്ടിങ്​ കേന്ദ്രമാണെന്ന പ്രചാരണത്തിനാണ്​ ബിജെ.പിയുടെ ഐ.ടി വിഭാഗം കൈകാര്യം ചെയ്യുന്ന വിനിത്​ ഗോയങ്ക തരൂരിന്‍റെ ട്വീറ്റ്​ ഉദ്ധരിച്ചത്​.

'ഇത്​ മഞ്ഞുമലയുടെ അറ്റം മാത്രമാണ്​. കപട മതേതരത്വവുമായി കോൺഗ്രസും ഇടതുപക്ഷവും കേരളത്തെ നശിപ്പിക്കുകയാണ്​. ഇസ്​ലാമിക ഭീകരവാദത്തിലേക്ക്​ ആളെ അയക്കുന്ന കേന്ദ്രമായി കേരളം മാറിയത്​ എങ്ങനെ​യെന്ന്​ 'അകത്തെ ശത്രുക്കൾ' എന്ന എന്‍റെ പുസ്​തകത്തിൽ വ്യക്​തമാക്കിയിട്ടുണ്ട്​' - തരൂരീന്‍റെ ട്വീറ്റ്​ ഉദ്ധരിച്ചുകൊണ്ട്​ വിനിത്​ ഗോയങ്ക ട്വീറ്റ്​ ചെയ്​തു.

താലിബാന്‍റെ വിജയാഹ്ലാദത്തിനിടക്ക്​ മലയാളം പറയുന്നതായി ഒരു വിഡിയോ സഹിതം തരുർ കഴിഞ്ഞ ദിവസം ട്വീറ്റ്​ ചെയ്​തിരുന്നു. 'സംസാരിക്ക​ട്ടെ' എന്ന്​ ഒരാൾ മലയാളത്തിൽ പറയുന്നതായി കേൾക്കാമെന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ്​. 'സംസാരിക്ക​ട്ടെ' എന്ന്​ ഒരാൾ മലയാളത്തിൽ പറയു​േമ്പാൾ ചുരുങ്ങിയത്​ രണ്ട്​ മലയാളികളെങ്കിലും ആ സംഘത്തിലുണ്ടാകുമെന്നായിരുന്നു തരൂരിന്‍റെ നിഗമനം.

റാമിസ്​ എന്നയാൾ ട്വീറ്റ്​ ചെയ്​ത വിഡിയോ ഉദ്ധരിച്ചായിരുന്നു തരൂരിന്‍റെ ട്വീറ്റ്​. താലിബാൻ സംഘത്തിൽ മലയാളികളില്ലെന്നും സാബൂൾ പ്രവിശ്യയിൽ നിന്നുള്ളവർ ബ്രാവി ഭാഷ സംസാരിക്കുന്നതാണ്​ വിഡിയോയിൽ കേൾക്കുന്നതെന്നും റാമിസ്​ എന്നയാൾ പിന്നീട്​ ട്വീറ്റ്​ ചെയ്​തു. ബ്രാവി ഭാഷ തമിഴ്​, മലയാളം പോലുള്ള ദ്രാവിഡ ഭാഷകളോട് സാമ്യമുള്ളതാണെന്നും റാമിസ്​ എന്നയാൾ ട്വീറ്റ്​ ചെയ്​തു. ഈ ട്വീറ്റ്​ ശശി തരൂർ റിട്വീറ്റ്​ ചെയ്​ത്​ പങ്കുവെച്ചെങ്കിലും താലിബാനിൽ മലയാളികളുണ്ടാകാനുള്ള സാധ്യത തള്ളികളയാനാകില്ലെന്ന വാദവും അതോടൊപ്പം ചേർത്തിട്ടുണ്ട്​.

തരൂരിന്‍റെ ട്വീറ്റിനെതിരെ നിരവധി പേർ രംഗത്തെത്തിയെങ്കിലും താലിബാനിൽ മലയാളി സാന്നിധ്യത്തിനുള്ള സാധ്യതയുണ്ടെന്ന വാദം ആവർത്തിക്കുന്ന ട്വീറ്റുകളാണ്​ തുടർന്നും തരൂർ പങ്കുവെച്ചത്​. വിഡിയോയിൽ മലയാളം പറയുന്നില്ലെന്നും മലയാളികളെ ശശി തരൂർ എന്തിനാണ്​ ഇതിലേക്ക്​ വലിച്ചിഴക്കുന്നതെന്നും എഴുത്തുകാരൻ എൻ.എസ്​. മാധവൻ ചോദിച്ചു.

തരൂരിന്‍റെ ട്വീറ്റ്​ വളരെയധികം പ്രശ്​നങ്ങൾ നിറഞ്ഞതാണെന്നാണ്​ മാധ്യമപ്രവർത്തകൻ കോറാ അബ്രഹാം പറഞ്ഞത്​. ജിഹാദി ഗ്രൂപ്പുകളിൽ കേരളത്തിൽ നിന്നുള്ളവർ ചേരുന്നുണ്ടെന്ന തരത്തിൽ തീവ്ര വലതുപക്ഷം വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്ന സാഹചര്യത്തിൽ ഇത്തരം പ്രസ്​താവനകൾ കടുത്ത പ്രശ്​നങ്ങൾ സൃഷ്​ടിക്കും. കേരളത്തിൽ നിന്നുള്ള എം.പി എന്ന നിലക്ക്​ തരൂരിന്​ അതിൽ നല്ല ബോധ്യമുണ്ടാകണമെന്നും കോറാ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ, കേരളത്തിൽ നിന്നുള്ളവർ അഫ്​ഗാനിലെത്തിയ സംഭവങ്ങളിൽ തനിക്ക്​ നേരത്തെ ഇടപെടേണ്ടി വന്നിട്ടുണ്ടെന്നും ഒരു എം.പി എന്ന നിലയിൽ തൽസ്​ഥിതി സംബന്ധി നല്ല ധാരണയുണ്ടെന്നുമായിരുന്നു തരൂരിന്‍റെ മറുപടി.

ഐ.എസുമായി ബന്ധപ്പെട്ട്​ അഫ്​ഗാൻ ജയിലിൽ കഴിയുന്ന മലയാളികളെ താലിബാൻ മോചിപ്പിച്ച വാർത്തയും പിന്നീട്​ ശശി തരൂർ ട്വീറ്റ്​ ചെയ്​തു. താലിബാനിലെ മലയാളി സാന്നിധ്യത്തെ കുറിച്ചുള്ള തന്‍റെ ട്വീറ്റിനെ കുറ്റപ്പെടുത്തിയവർ ഈ വാർത്ത ശ്രദ്ധിക്കണമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. ഭീകര സംഘങ്ങളിലേക്ക്​ മലയാളികൾ റിക്രൂട്ട്​ ചെയ്യപ്പെടു​ന്നുവെന്ന തരത്തിലുള്ള തന്‍റെ ട്വീറ്റിനെ ന്യായീകരിക്കാനായി പിന്നീട്​ നിരവധി ട്വീറ്റുകൾ നടത്തിയ തരൂർ, അത്തരം വാർത്തകളുടെ ചുവടു പിടിച്ച്​ ബി.​ജെ.പി കേന്ദ്രങ്ങൾ അഴിച്ചുവിടുന്ന വിദ്വേഷ പ്രചാരണങ്ങളെ കുറിച്ച്​ ഒന്നും പറയുന്നില്ല. 


Tags:    
News Summary - bjp leader retweet tharoor's tweet to establish his argument against kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.