കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റ ദിവസമായി വെട്ടി ബി.ജെ.പി സർക്കാർ. മുൻ തൃണമൂൽ സർക്കാർ നടപ്പിലാക്കിയിരുന്ന രണ്ട് ദിവസത്തെ ഔദ്യോഗിക അവധിയാണ് ധനകാര്യ വകുപ്പിന്റെ പുതിയ വിജ്ഞാപനത്തിലൂടെ റദ്ദാക്കിയത്. നേരത്തെ തയാറാക്കിയ 2026ലെ അവധി കലണ്ടർ ഭാഗികമായി പരിഷ്കരിച്ചുകൊണ്ടാണ് ഉത്തരവ്.
മുമ്പ് ബക്രീദിന് തലേന്നുള്ള ദിവസവും ഉൾപ്പെടെ തുടർച്ചയായ രണ്ട് ദിവസത്തെ അവധിയാണ് പൊതുമേഖല ജീവനക്കാർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുവദിച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ബക്രീദിന് തലേദിവസം പ്രവൃത്തിദിനമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ സർക്കാർ ഓഫിസുകളും കോർപ്പറേഷനുകളും നിയമപരമായ സ്ഥാപനങ്ങളും ഈ ദിവസങ്ങളിൽ പൂർണമായി പ്രവർത്തിക്കണമെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കി.
കേന്ദ്ര സർക്കാറിന്റെ കലണ്ടറിന് അനുസൃതമായി സംസ്ഥാനത്തെ അവധികൾ ഏകീകരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് ബി.ജെ.പി ഭരണകൂടത്തിന്റെ വാദം. എന്നാൽ, സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ മതപരമായ അവകാശങ്ങൾക്കും സാംസ്കാരിക വൈവിധ്യങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണസ്റ്റിതെന്ന് പ്രതിപക്ഷവും ന്യൂനപക്ഷ സംഘടനകളും പറഞ്ഞു. സംസ്ഥാനത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്നതാണ് പുതിയ സർക്കാറിന്റെ ഈ ഉത്തരവ്. ന്യൂനപക്ഷ ജനവിഭാഗങ്ങളോടുള്ള ഉൾക്കൊള്ളലിന്റെ ഭാഗമായാണ് മമത ബാനർജി സർക്കാർ രണ്ട് ദിവസത്തെ അവധി നൽകിയിരുന്നത്.
നേരത്തേ കന്നുകാലി കശാപ്പുനിയമവും കർശനമാക്കിക്കൊണ്ട് ബി.ജെ.പി സർക്കാർ ഉത്തരവിറക്കിയിരുന്നു. ബക്രീദിനു മുന്നോടിയായി ഇത്തരമൊരു നടപടി എടുത്തത് ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. തുടർന്ന് ഹിന്ദുക്കളായ വ്യാപാരികൾതന്നെ ബി.ജെ.പി സർക്കാറിനുനേരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.