ചെന്നൈ: തമിഴ്‌നാട് ബി.ജെ.പിയുടെ വൈസ് പ്രസിഡന്‍റായി നടി ഖുഷ്ബു സുന്ദർ. എം. ചക്രവർത്തി, വി. പി ദുരൈസാമി, കെ. പി. രാമലിംഗം എന്നിവരുൾപ്പെടെ 14 പേരെയാണ് വൈസ് പ്രസിഡന്‍റുമാരായി ബി.ജെ.പി നിയമിച്ചത്. തനിക്ക് അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി സംസ്ഥാന മേധാവി നൈനാർ നാഗേന്തിരനും ഖുശ്ബു നന്ദി പറഞ്ഞു. എക്സ് പോസ്റ്റ് വഴിയാണ് നന്ദി അറിയിച്ചത്.
'എന്നിൽ വിശ്വസിച്ച് തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്തം നൽകിയതിന് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്തിരനോടും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ബി.ജെ.പിയുടെ ഒരു കാര്യകർത്താവ് എന്ന നിലയിൽ, എന്റെ പരമാവധി നൽകാമെന്നും കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്നും വാഗ്ദാനം ചെയ്യുന്നു' -ഖുശ്ബു എക്സ് പോസ്റ്റിൽ അറിയിച്ചു.
തന്നെ പിന്തുണച്ചതിന് ബി. എൽ. സന്തോഷ്, അരവിന്ദ് മേനോൻ, പൊങ്കുലേട്ടി സുധാകർ റെഡ്ഡി എന്നിവരോടും അവർ നന്ദി പറഞ്ഞു. പാർട്ടി കെട്ടിപ്പടുക്കുന്നതിനും പ്രധാനമന്ത്രിയുടെ പ്രവൃത്തികൾ തമിഴ്‌നാട് ജനതയിലേക്ക് എത്തിക്കുന്നതിനുമുള്ള ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കപ്പെട്ട എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അവർ പറഞ്ഞു.
അതേസമയം, ബി.ജെ.പി കേശവ വിനായകനെ ദക്ഷിണ സംസ്ഥാന ജനറൽ സെക്രട്ടറിയായി (സംഘടന) നിയമിച്ചു. ജെ.പി നദ്ദയുടെ അംഗീകാരത്തോടെ, തമിഴ്‌നാട് ബി.ജെ.പിക്ക് പുതിയ സംസ്ഥാന ഭാരവാഹികളെ നിയമിച്ചതായി ഭാരവാഹികളുടെ പട്ടിക പങ്കുവെച്ചുകൊണ്ട് ബി.ജെ.പി തമിഴ്‌നാട് അറിയിച്ചു. 2026ൽ തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി ഭാരവാഹികളിൽ അഴിച്ചുപണി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.