ഇംഫാൽ: മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചതിനെ തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ മണിപ്പൂരിൽ കേന്ദ്രസർക്കാർ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ബിരേൻ സിങ്ങിന്റെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിൽ ഭരണകക്ഷിയായ ബി.ജെ.പിയിൽ സമവായം രൂപപ്പെടുത്തുന്നതിൽ കേന്ദ്ര നേതൃത്വം പരാജയപ്പെട്ടതോടെയാണ് രാഷ്ട്രപതിഭരണം ഏർപ്പെടുത്താൻ കേന്ദ്രം നിർബന്ധിതമായത്.
ഫെബ്രുവരി ഒമ്പതിനാണ് ബിരേൻ സിങ് രാജിവെച്ചത്. 200ലധികം പേരുടെ മരണത്തിനിടയാക്കിയ മണിപ്പൂർ കലാപം തുടങ്ങി 649 ദിവസത്തിനുശേഷമായിരുന്നു ബിരേൻ സിങ്ങിന്റെ രാജി. കലാപം നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്ന വിമർശനവുമായി ഭരണകക്ഷിയിലെ കുക്കി എം.എൽ.എമാർ തന്നെ രംഗത്തുവരികയും കേന്ദ്ര നേതൃത്വത്തെ പരാതി അറിയിക്കുകയുംചെയ്തിരുന്നു.
ഈ സാഹചര്യം മുതലെടുത്ത് കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് ഒരുങ്ങിയിരുന്നു. ഫെബ്രുവരി 10ന് സഭ തുടങ്ങാനിരിക്കെ, തലേദിവസം അത്യന്തം നാടകീയമായി ബിരേൻ സിങ് രാജിവെക്കുകയായിരുന്നു. തുടർന്ന് പുതിയ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ചർച്ചയിലും കുക്കി എം.എൽ.എമാർ ഉടക്കിട്ടതോടെ രാഷ്ട്രപതിഭരണമല്ലാതെ വഴിയില്ലാതായി.
ഏറ്റവും അവസാനമായി മണിപ്പൂരിൽ സഭ ചേർന്നത് കഴിഞ്ഞ ആഗസ്റ്റിലായിരുന്നു. നിയമപ്രകാരം ആറ് മാസത്തിനുള്ളിൽ സഭ ചേരേണ്ടതാണ്. അതനുസരിച്ച്, ബുധനാഴ്ചക്കുള്ളിൽ സഭ ചേരേണ്ടതായിരുന്നു. പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞതുമില്ല.
2023 മേയിൽ കലാപം തുടങ്ങിയ നാളുകളിൽതന്നെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇത് പത്താം തവണയാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത്.
അതേസമയം, സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയില്ലെന്ന് ബി.ജെ.പി എം.എൽ.എ കരം ശ്യാം പറഞ്ഞു. നിലവിലെ പ്രതിസന്ധി എം.എൽ.എമാരുമായി ചർച്ച ചെയ്ത് കേന്ദ്ര നേതൃത്വം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, മുൻ എം.എൽ.എ ബിജോയ് കോയിജാമിന്റെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ വസതിക്കുസമീപം രണ്ട് ഗ്രനേഡുകൾ കണ്ടെത്തി. വീട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഗ്രനേഡുകൾ നിർവീര്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.