ജീവിതത്തിൽ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. അങ്ങനെയൊരാളാണ് ബിഹാറിലെ ജാമുയിയിൽ നിന്നുള്ള ഖുശ്ബു പാണ്ഡെയും. എല്ലാവർക്കുമറിയില്ലെങ്കിലും ഇപ്പോൾ ചിലർക്കെങ്കിലും 24 വയസുള്ള ഖുശ്ബുവിനെ അറിയാം. അത് ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാക്കിയതിന്റെ പേരിലല്ല, മുസ്‍ലിംകൾക്കെതിരെ നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്നതിനാലാണ്. ഇതിന്റെ വിഡിയോകൾക്ക് കാഴ്ചക്കാർ ഏറെയുണ്ട്.
ഒറ്റരാത്രികൊണ്ടാണ് ഖുശ്ബു താരമായി മാറിയത്. ഗ്യാൻവാപി പള്ളി സംബന്ധിച്ച പ്രശ്നത്തെ കുറിച്ചുള്ള പ്രതികരണമായിരുന്നു ആ പെൺകുട്ടിയെ ആയിരങ്ങൾക്കിടയിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ആളാക്കി മാറ്റിയത്. അതിനു ശേഷം ടെലിവിഷൻ ചർച്ചകളിലെ പതിവു സാന്നിധ്യമായി ആ പെൺകുട്ടി മാറി. ഇന്ത്യയുടെ ചരിത്രം ഒരിക്കലും മഹാറാണ പ്രതാപിന്റെ പിതാവ് ആരാണ് പറയുന്നില്ല, എന്നാൽ ബാബറിന്റെ പിൻഗാമികളുടെ മക്കളെ ഓർത്തിരിക്കുന്നത് എന്തുകൊണ്ടാണ് അവർ ചോദിച്ചു.
ഇന്ത്യയിലെ ഹിന്ദുക്കൾക്ക് സഹിഷ്ണുതയില്ലെങ്കിൽ പിന്നെ വെറും 1.5 ശതമാനം മാത്രമുണ്ടായിരുന്ന മുസ്‍ലിം ജനസംഖ്യ 35 കോടിയായി വളർന്നത് എങ്ങനെയെന്ന് അവർ നിരന്തരം ചോദിച്ചു. എന്നാൽ 2023ലെ കണക്കനുസരിച്ച് ഇന്ത്യയിലെ മുസ്‍ലിം ജനസംഖ്യ 19.7 കോടിയാണെന്ന് ചൂണ്ടിക്കാട്ടി ആരും ഖുശ്ബുവിനെ തിരുത്താൻ മിനക്കെട്ടില്ല. ആ പെൺകുട്ടി സംസാരിക്കുമ്പോൾ സമീപത്തുള്ളവർ കൈയടിച്ചു. ഹിന്ദുകടുവ എന്ന് ചിലർ പ്രശംസിച്ചു. പാകിസ്താൻ, ഈദ് ആഘോഷം, ഇസ്‍ലാം, മുസ്‍ലിംകൾ, ഔറംഗസീബ്, ഉവൈസി, ബാബറി മസ്ജിദ് തുടങ്ങി എല്ലാ ഇന്ത്യൻ വലതുപക്ഷ കീവേഡുകളെ കുറിച്ചും അവർ ആധികാരികമായി സംസാരിച്ച് പുതിയ ഹിന്ദുത്വ നായികയായി വളർന്നു. ഖുശ്ബു പാണ്ഡെ ഹിന്ദു ഷെർണി എന്ന
അവരുടെ ഇൻസ്റ്റഗ്രാം പേജ് 1.6 ലക്ഷത്തിലധികം ആളുകളാണ് പിന്തുടരുന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ വീർ ജഗ്ദംബ് സേന എന്ന സംഘടന പോലും അവർ സ്വന്തമായി തുടങ്ങി. നിങ്ങളുടെ ശബ്ദമല്ല, നിങ്ങളുടെ വാളുകൾ ഉയർത്തുക എന്നാണതിന്റെ ടാഗ് ലൈൻ.
ചെറുപ്പക്കാരിയും വിദ്യാസമ്പന്നയും ആധുനിക വേഷധാരിയുമായ ഈ പെൺകുട്ടി ഒരുളുപ്പുമില്ലാതെയാണ് മുസ്‍ലിംകൾക്കെതിതെ വിഷം വമിപ്പിക്കുന്നത്. 2023 ഏപ്രിലിൽ, രാമനവമിയിൽ വർഗീയ സംഘർഷങ്ങൾക്ക് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഗുജറാത്തിൽ ഖുശ്ബുവിന്റെ സുഹൃത്ത് കാജൽ ഹിന്ദുസ്ഥാനിയെ അറസ്റ്റ് ചെയ്തുജാമുയിയിലെ മതപരമായ ഘോഷയാത്ര അക്രമത്തിൽ കലാശിച്ചതിന് പിന്നാലെ ഖുശ്ബു പാണ്ഡെ ജയിലിലുമായി. 48 ദിവസത്തെ ജയിൽവാസത്തിന് ശേഷം അവർ പുറത്തിറങ്ങി. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം കിട്ടിയത്. വിദ്വേഷ പ്രസംഗം നടത്തുന്നതിന് വിലക്കുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും വേണം. മാത്രമല്ല, കോടതി വിചാരണകളിലും പങ്കെടുക്കണം. ഇപ്പോൾ തിരിച്ചുവരവിന് തയാറെടുക്കുകയാണ് അവർ. സഹോദരൻ അഭിഭാഷകനായതിനാൽ നിയമോപദേശം വീട്ടിൽ നിന്ന് തന്നെ കിട്ടും. മാത്രമല്ല, എല്ലാ കാര്യത്തിനും കുടുംബത്തിന്റെ പിന്തുണയുമുണ്ട്. സ്കൂൾ അധ്യാപകനായിരുന്നു ഖുശ്ബുവിന്റെ പിതാവ്.
ഒരുകാലത്ത് ഐ.എ.എസുകാരിയാകാനായിരുന്നു ആഗ്രഹം. ഐ.എ.എസ് ആണ് ഏറ്റവും ഉയർന്ന സർക്കാർ പദവിയെന്ന് കുട്ടിക്കാലത്ത് ഖുശ്ബുവിന്റെ പിതാവ് പറഞ്ഞിരുന്നു. എന്നാൽ ബ്യൂറോക്രസിയെ നയിക്കുന്നത് രാഷ്ട്രീയ സംഘടനയാണെന്ന് അവർ എളുപ്പം മനസിലാക്കി.
സ്കൂൾ കാലത്ത് പഠിക്കാൻ വലിയ മിടുക്കൊന്നുമുണ്ടായിരുന്നില്ല ഖുശ്ബുവിന്. അതിനാൽ ഐ.എ.എസ് പോയിട്ട് സംസ്ഥാന പി.എസ്.സി പോലും കിട്ടാൻ സാധ്യതയില്ല എന്ന് മറ്റാരേക്കാളും ഖുശ്ബുവിന് അറിയാമായിരുന്നു. എന്നാൽ നന്നായി പ്രസംഗിക്കാൻ അറിയാമായിരുന്നു. ദേശീയതലത്തിൽ കരാട്ടെ ചാമ്പ്യൻ ആണെന്നും അവകാശപ്പെടുന്നുണ്ട്. യൂട്യൂബ് ക്ലാസുകൾ വഴിയാണ് കരാട്ടെ പഠിച്ചതത്രെ.
ജാമുയി ജില്ലയിലെ പ്രാദേശിക സെലിബ്രിറ്റിയാണ് ഖുശ്ബു ഇപ്പോൾ. ചെറുപ്പത്തിൽ എളുപ്പത്തിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ഖുശ്ബു മുടി വെട്ടിച്ചെറുതാക്കി. സഹോദരന്റെ ബുള്ളറ്റ് കടം വാങ്ങി ഓടിക്കും. സ്പോർട്സ് ഷൂ ധരിക്കുന്നതും പതിവാക്കി. റാണി ലക്ഷ്മി ബായിയെ പോലുള്ള ഒരാളായിരുന്നു അക്കാലത്ത് ഖുശ്ബുവിന്റെ മനസിൽ. അധികം വൈകാതെ ഹിന്ദുത്വ സംഘടനകളുടെ പരിപാടികളിലേക്ക് ഖുശ്ബുവിനെ ക്ഷണിക്കാൻ തുടങ്ങി.
2021 നവംബറിലാണ് ഖുശ്ബു യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷക്ക് തയാറെടുക്കാൻ ഡൽഹിയിലേക്ക് പുറപ്പെട്ടത്. ചരിത്രം ഓപ്ഷനായി എടുക്കാനായിരുന്നു തീരുമാനം. ആ സമയത്ത് വായിച്ച ഒരു പുസ്തകം ഖുശ്ബുവിന്റെ ചിന്തകൾ മാറ്റിമറിച്ചു. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നെഹ്റുവിന്റെ പങ്കിനെ കുറിച്ച് എം. ലക്ഷ്മികാന്ത് എഴുതിയ പുസ്തകമായിരുന്നു അത്. അതിലെ ഒരധ്യായം ഖുശ്ബുവിന് ദഹിച്ചില്ല. കുട്ടിക്കാലത്ത് വീട്ടിൽ നിന്നും മറ്റും കേട്ടറിഞ്ഞതിൽ നിന്ന് വിപരീതമായ കാര്യമായിരുന്നു പുസ്തകത്തിലുണ്ടായിരുന്നത്. അഞ്ചുമാസത്തിനുള്ളിൽ എല്ലാം അവസാനിപ്പിച്ച് പെട്ടിയും കിടക്കയുമായി ഖുശ്ബു നാട്ടിലേക്ക് തന്നെ മടങ്ങിയെത്തി. അതിനു ശേഷമാണ് രജനീകാന്ത് പുരാണിക്കിന്റെ നെഹ്റു ഫയൽസ്: നെഹ്റു കി 127 പ്രധാന തെറ്റുകൾ എന്ന പുസ്തകം വായിച്ചു മനപാഠമാക്കുന്നതും. പിന്നീട് ജീവിതം തന്നെ ഹിന്ദുത്വ പ്രചാരകയാകാൻ മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.