ന്യൂഡൽഹി: 25,000 രൂപ നൽകിയാൽ ബിഹാറിലെ പെൺകുട്ടികൾ വിവാഹത്തിന് തയാറാകുമെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവിന്റെ ഭർത്താവ്. ഉത്തരാഖണ്ഡ് മന്ത്രിയുടെ ഭർത്താവാണ് വിവാദ പ്രതികരണം നടത്തിയത്. ബിഹാർ വനിത കമീഷൻ പരാമർശത്തിൽ സ്വമേധയാ കേസെടുക്കുകയും ചെയ്തു.
ഉത്തരാഖണ്ഡ് വനിത-ശിശുക്ഷേമ മന്ത്രി രേഖ ആര്യയുടെ ഭർത്താവ് ഗിരർധാരി ലാലു സാഹുവാണ് വിവാദ പ്രതികരണം നടത്തിയത്. നിങ്ങൾക്ക് വിവാഹം കഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഒരു പെൺകുട്ടിയെ ബിഹാറിൽ നിന്നും കൊണ്ടു വരാം. 20,000 രൂപ മുതൽ 25,000 രൂപ നൽകിയാൽ ഇത്തരത്തിൽ പെൺകുട്ടിയെ ലഭിക്കുമെന്ന് യുവാക്കൾ പങ്കെടുത്ത ഒരു പരിപാടിയിൽ സാഹു പറയുകയായിരുന്നു.
പ്രസ്താവന ബിഹാറിലും ഉത്തരാഖണ്ഡിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മന്ത്രിയുടെ ഭർത്താവിനെതിരെ രൂക്ഷവിമർശനവുമായി ഉത്തരാഖണ്ഡ് കോൺഗ്രസ് വനിത നേതാവ് ജ്യോതി റൗത്തേല രംഗത്തെത്തി. അപമാനകരമായ പ്രസ്താവനയാണ് വനിത മന്ത്രിയുടെ ഭർത്താവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് റൗത്തേല പറഞ്ഞു.
സ്ത്രീകളുടെ അന്തസ്സിന് നേരെയുണ്ടായ ആക്രമണമാണിത്. മനുഷ്യക്കടത്ത്, ബാലവിവാഹം, സ്‍ത്രീചൂഷണം എന്നിവയെ പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നതെന്ന് റൗത്തേല പറഞ്ഞു.
ബിഹാറിൽ നിന്ന് വോട്ടുകൾ വാങ്ങുന്നതിനെ കുറിച്ച് സംസാരിക്കുന്ന ബി.ജെ.പി ഇപ്പോൾ സ്ത്രീകളെ കൊണ്ടുവരുന്നതിനെ കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും കുറ്റപ്പെടുത്തി. അതേസമയം, വിഡിയോ വിവാദമായതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി സാഹു തന്നെ രംഗത്തെത്തി. തന്റെ സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ഇക്കാര്യത്തിലെ സാഹുവിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.