പട്ന: ഇറ്റാലിയൻ ഫാസിസ്റ്റ് ബെനിറ്റോ മുസ്സോളിനിയെയും ജർമൻ സ്വേച്ഛാധിപതിയും നാസി നേതാവുമായ അഡോൾഫ് ഹിറ്റ്‌ലറെയും പ്രശംസിച്ച് ബിഹാർ സർക്കാർ. ബിഹാർ സംസ്ഥാന ജലവിഭവ വകുപ്പിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്ത പോസ്റ്ററിലാണ് പ്രശംസ. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച പ്രസ്തുത പോസ്റ്റർ മാസങ്ങൾക്കുശേഷം വിവാദത്തിലായി. ഇതോടെ പോസ്റ്റർ പേജിൽനിന്ന് നീക്കുകയും ചെയ്തു.
‘ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ രണ്ട് രാഷ്ട്രീയക്കാർ ഒരുമിച്ച് നിൽക്കുന്നു. മഹത്തായതായിരുന്നു അവരുടെ പ്രത്യയശാസ്ത്രം...’ എന്നായിരുന്നു പോസ്റ്ററിലെ വാക്കുകൾ. ഇത് വിവാദമായതോടെ ജലവിഭവ വകുപ്പിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. സൈബർ കുറ്റവാളികൾ പേജിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് പേരും യൂസർനെയിമും പലതവണ മാറ്റുകയും ചെയ്തതായി ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു.
പോർച്ചുഗൽ ടൂറിസത്തിന്റെ ചിത്രങ്ങൾ, ഡോണൾഡ് ട്രംപിന്റെ താരിഫുകളെക്കുറിച്ചുള്ള ട്രൂത്ത് സോഷ്യൽ പോസ്റ്റുകൾ, മെലാനിയ ട്രംപുമൊത്തുള്ള വിവാഹ ഫോട്ടോ എന്നിവയെല്ലാം അക്കൗണ്ടിൽ റീട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഈ പോസ്റ്ററിനെക്കുറിച്ച് ആരും ശ്രദ്ധിച്ചില്ല. പോസ്റ്റർ വിവാദമായി വൈറലായപ്പോൾ മാത്രമാണ് നീക്കം ചെയ്യപ്പെട്ടത്.
ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ഒമ്പത് മാസമായി ശ്രദ്ധിച്ചില്ലേ എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. ഒമ്പത് മാസത്തിലേറെ ഈ പോസ്റ്റർ സമൂഹമാധ്യമത്തിലുണ്ടായിരുന്നെന്നും ആരും അത് മാറ്റാൻ മെനക്കെട്ടില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഏറ്റവും പിന്നോക്ക സംസ്ഥാനമായ ബിഹാറിൽ നിന്നാണ് ഏറ്റവും അസംബന്ധ കാര്യങ്ങൾ പുറത്തുവരുന്നതെന്ന് ചില നെറ്റിസൺസ് കമന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.