സുപ്രീം കോടതി

എസ്.ഐ.ആർ; കമീഷനെ സംശയമില്ലെന്ന് സുപ്രീംകോടതി; ഹരജികളിൽ വാദം കേൾക്കൽ നവംബർ നാലിലേക്ക് മാറ്റി

ന്യൂഡൽഹി: ബിഹാറിൽ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ വാദം കേൾക്കൽ സുപ്രീം കോടതി നവംബർ നാലിലേക്ക് മാറ്റി. എസ്.ഐ.ആർ നടപ്പാക്കുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ അതിന്‍റെ ഉത്തരവാദിത്തം നിറവേറ്റുമെന്ന കാര്യത്തിൽ തങ്ങൾക്ക് സംശയമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി തീരുമാനം.

ഇതോടെ 68.66 ലക്ഷം പേരെ വെട്ടിമാറ്റിയ വോട്ടർപട്ടികയുമായാകും ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പെന്ന് ഉറപ്പായി. രണ്ട് ഘട്ടങ്ങളിലായി നവംബർ ആറിനും നവംബർ 11നുമാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്. അന്തിമ പട്ടികയിൽ ചേർത്തവരുടെയും ഒഴിവാക്കിയവരുടെയും പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകണമെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ)നുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ, ജസ്റ്റിസുമാരായ സൂര്യകാന്തും ജോയ്‌മല്യ ബഗ്‌ചിയും അടങ്ങിയ ബെഞ്ചിനോട് ആവർത്തിച്ച് അഭ്യർഥിച്ചു.

പട്ടിക പ്രസിദ്ധപ്പെടുത്താനുള്ള നടപടികൾ എടുത്തുവരുകയാണെന്ന കമീഷന്‍റെ മറുപടി ചൂണ്ടിക്കാട്ടി അതിനായി കാത്തിരിക്കാമെന്ന് കോടതി മറുപടി നൽകി. കമീഷൻ ഉത്തരവാദിത്തം നിറവേറ്റുമെന്ന കാര്യത്തിൽ തങ്ങൾക്ക് സംശയമില്ലെന്നും ചേർത്തവരുടെയും ഒഴിവാക്കിയവരുടെയും പേരുകൾ അവർ പ്രസിദ്ധപ്പെടുത്തുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

Tags:    
News Summary - Bihar SIR: "Have No Doubt ECI Will Fulfil Their Responsibility" -Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.