ബിഹാർ തെരഞ്ഞെടുപ്പിലെ തിരിച്ചടി; കോൺഗ്രസിൽ ഭിന്നത രൂക്ഷം

ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷം. നാല് മാസം മുമ്പ് പ്രമുഖ നേതാക്കൾ വിമത ശബ്ദമുയർത്തി വന്നതിന്‍റെ അലയൊലികൾ അടങ്ങും മുമ്പ് മറ്റൊരു പരീക്ഷണ ഘട്ടത്തെ നേരിടുകയാണ് പാർട്ടി. ഗാന്ധി കുടുംബത്തിന്‍റെ നേതൃത്വം തന്നെ ചോദ്യംചെയ്യപ്പെടുന്ന രീതിയിൽ അഭിപ്രായ വ്യത്യാസം വളരുന്നതായാണ് സൂചന.

ആർ.ജെ.ഡിയുമായും ഇടതുകക്ഷികളുമായും ചേർന്നുള്ള മഹാസഖ്യത്തെ തോൽവിയിലേക്ക് കൊണ്ടെത്തിച്ചത് കോൺഗ്രസിന്‍റെ നിരാശാജനകമായ പ്രകടനമാണെന്ന് നേരത്തെ വിമതശബ്ദമുയർത്തിയ മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ബിഹാറിൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. അതേസമയം, 144 സീറ്റിൽ മത്സരിച്ച ആർ.ജെ.ഡി 75 സീറ്റിൽ വിജയിച്ചു. സി.പി.ഐ(എം.എൽ) 19 സീറ്റിൽ മത്സരിച്ചതിൽ 12ലും വിജയിച്ചു. സഖ്യത്തിൽ ഏറ്റവും താഴ്ന്ന വിജയനിരക്കാണ് കോൺഗ്രസിനുണ്ടായത്.

അതേസമയം, സ്ഥാനാർഥി നിർണയത്തിലെ പിഴവുകളും എ.ഐ.എം.ഐ.എമ്മിന്‍റെ വിജയവും മൂന്നാംഘട്ട വോട്ടിങ്ങിലുണ്ടായ ധ്രുവീകരണവുമാണ് തിരിച്ചടിക്ക് കാരണമായി തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കൾ വിശദീകരിക്കുന്നത്. സഖ്യത്തിലെ ഒരു പാർട്ടിയും മൂന്ന് ദശാബ്ദത്തോളം വിജയിക്കാതിരുന്ന 26 മണ്ഡലങ്ങളിൽ കോൺഗ്രസിന് മത്സരിക്കേണ്ടി വന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, നേതൃത്വത്തിന്‍റെ പരാജയമായാണ് പാർട്ടിയിലെ ഭിന്നാഭിപ്രായമുള്ള നേതാക്കൾ ബിഹാർ ഫലത്തെ കാണുന്നത്. തങ്ങളെ പ്രചാരണത്തിൽ നിന്ന് മാറ്റിനിർത്തിയതായും കാര്യക്ഷമതയില്ലാത്ത നേതാക്കളാണ് പ്രചാരണത്തിന് മുന്നിലുണ്ടായിരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ബിഹാർ കോൺഗ്രസിലെ നേതാക്കളെ വരെ ഒതുക്കിയെന്നും ഇവർ പറയുന്നു. ബിഹാർ തെരഞ്ഞെടുപ്പിനെ മാത്രമായല്ല വിലയിരുത്തേണ്ടതെന്നും മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തോൽവിയും ഇതോടൊപ്പം കാണണമെന്ന് നേതാക്കൾ പറയുന്നു.

ബിഹാറിൽ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങിയ മുതിർന്ന നേതാവ് രാഹുൽ ഗാന്ധി മാത്രമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ആക്രമിക്കുകയെന്ന പ്രചാരണ തന്ത്രമാണ് രാഹുൽ ബിഹാറിൽ പ്രയോഗിച്ചത്. മുൻ തെരഞ്ഞെടുപ്പുകളിൽ രാഹുലിന്‍റെ തന്ത്രം വിജയിച്ചുവെങ്കിലും ബിഹാറിൽ ലക്ഷ്യം കണ്ടില്ല. അതേസമയം, സഖ്യത്തിലെ പ്രധാന കക്ഷിയായ ആർ.ജെ.ഡി തൊഴിലില്ലായ്മ, അഴിമതി, വികസന മുരടിപ്പ് തുടങ്ങിയവ ചർച്ച ചെയ്തുകൊണ്ടുള്ള പ്രചാരണമാണ് നടത്തിയത്. ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും തേജസ്വി യാദവിന്‍റെ പാർട്ടിക്ക് സാധിച്ചു.

രാഹുൽ-പ്രിയങ്ക സഖ്യം പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പരാജയപ്പെടുന്നതായി വിമർശനമുയരുന്നുണ്ട്. ഇടക്കാല അധ്യക്ഷന് പകരം മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നും എങ്കിൽ മാത്രമേ പാർട്ടിക്ക് പുനരുജ്ജീവനം സാധ്യമാകൂവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ആഗസ്റ്റിൽ 20ഓളം മുതിർന്ന നേതാക്കൾ വിമതശബ്ദമുയർത്തിയതിന് പിന്നാലെ ഇവരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സോണിയ ഉറപ്പുനൽകിയിരുന്നെങ്കിലും കാര്യങ്ങൾ മുന്നോട്ട് നീങ്ങിയിട്ടില്ല.

പാർട്ടി സത്യസന്ധമായ ആത്മപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടവരിൽ മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ തുടങ്ങിയവരുമുണ്ട്.

അഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍ തുടങ്ങി 23ഓളം കോണ്‍ഗ്രസ് നേതാക്കളാണ് സോണിയ ഗാന്ധിക്ക് ആഗസ്റ്റിൽ കത്തയച്ചത്. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് ജനാധിപത്യത്തിന്‍റെ മുന്നോട്ടുള്ള പോക്കിനും ദേശീയ അനിവാര്യതയാണെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുണ്ടായതില്‍ വെച്ച് ഏറ്റവും കടുത്ത സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെ തകർച്ച കത്തിൽ വിശദീകരിക്കുന്നുണ്ട്. അതിനാല്‍ പാര്‍ട്ടിയുടെ മേല്‍തട്ടുമുതല്‍ കീഴ്ഘടകങ്ങളില്‍ വരെ അടിമുടി മാറ്റമുണ്ടാകണമെന്ന് കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.

രാഹുൽ ഗാന്ധി പാർട്ടി നേതൃത്വത്തിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബിഹാറിലെ തിരിച്ചടി ഇത് വൈകിപ്പിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ പിന്നീട് പലരും ആവശ്യപ്പെട്ടിട്ടും സ്ഥാനം ഏറ്റെടുക്കാൻ താൽപര്യം കാട്ടിയിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.