കുടുബത്തെ രക്ഷിക്കണമെന്ന് പീഡനത്തിന് ഇരയായ 15കാരിയുടെ വാട്സ് ആപ് സന്ദേശം

ന്യൂഡൽഹി: തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബലാൽസംഗത്തിന് ഇരയായ 15കാരിയുടെ വാട്സ് ആപ് സന്ദേശം. കേസിലെ പ്രതി ആർ.ജെ.ഡി എം.എൽ.എയായ രാജ് ഭല്ല യാദവ് ജാമ്യത്തിൽ പുറത്തിറങ്ങിയതാണ് പെൺകുട്ടിയുടെ ആശങ്കക്ക് കാരണം. 15 കാരിയെ ബലാൽസംഗം ചെയ്തതടക്കം നിരവധി കേസുകളിൽ പ്രതിയാണ് നൊവാഡ എം.എൽ.എയായ രാജ് ഭല്ല യാദവ്.

തലസ്ഥാനമായ പറ്റ്നയിൽ നിന്നും 105 കിലോമീറ്ററുക്കകലെയാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ ഗ്രാമം. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന് ശേഷം ഒളിവിൽ പോയ രാജ് ഭല്ലയെ ആർ.ജെ.ഡിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷം മറ്റൊരു കേസുമായി ബന്ധപ്പെട്ട് പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് ഇയാൾക്ക് പറ്റ്ന ഹൈകോടതി ജാമ്യം നൽകിയത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തെളിവുകൾ തേച്ചുമാച്ചുകളയാൻ കഴിയുമെന്നും അതിനാൽ ജാമ്യം അനുവദിക്കരുത് എന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഇയാൾക്ക് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹരജി നൽകിയിട്ടുണ്ട്. നാളെ കോടതി ഹരജി പരിഗ‍ണിക്കാനിരിക്കെയാണ് രാജ് ഭല്ല ലാലു പ്രസാദിനെ സന്ദർശിച്ചത് എന്നതും ശ്രദ്ധേയമാണ്.

തിങ്കളാഴ്ചയാണ് ഇടപെടണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും പെൺകുട്ടി വാട്സ് ആപിലൂടെ സന്ദേശമയച്ചത്. "കുടുംബത്തെക്കുറിച്ചോർത്ത് എനിക്ക് ഭീതി തോന്നുന്നു. ഞാൻ ഇപ്പോൾ തന്നെ മരിച്ച അവസ്ഥയിലാണ്. ഇതിൽകൂടുതൽ എനിക്കിനി ഒന്നും നഷ്ടപ്പെടാനില്ല. എന്നാൽ കുടുംബത്തിന് എന്തു സംഭവിക്കും എന്നതാണ് എന്‍റെ പേടി" സന്ദേശത്തിൽ 15കാരി പറയുന്നു.

"അയാൾ പുറത്തിറങ്ങിയാൽ, എന്‍റെ മകളെ ബാക്കിവെക്കില്ല" ചെറിയ കട നടത്തി ഉപജീവനം നടത്തുന്ന പെൺകുട്ടിയുടെ  പിതാവ് പറയുന്നു.

പെൺകുട്ടിയുടെയും പിതാവിന്‍റെയും ആശങ്ക അസ്ഥാനത്തല്ലെന്ന് തെളിയിച്ചുകൊണ്ട് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായി രാജ് ഭല്ല യാദവ് ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി. ഇതേക്കുറിച്ച് പ്രതികരിക്കാൻ ലാലു പ്രസാദ് തയാറായില്ല. എന്നാൽ നവരാത്രി ആശംസകൾ നേരാനാണ് താൻ ലാലുവിനെ സന്ദർശിച്ചതെന്ന് രാജ് ഭല്ല യാദവ് പ്രതികരിച്ചു.

Tags:    
News Summary - Bihar Rape Survivor's whats app message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.