പട്ന: നെഹ്റു കുടുംബത്തിന്റെ പിൻമുറക്കാർ ആയതുകൊണ്ട് മാത്രമാണോ ബിഹാറികൾക്കിപ്പോൾ രാഹുലും പ്രിയങ്കയും പ്രിയപ്പെട്ടവരാവുന്നത്? രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടുവന്ന ‘വോട്ട്ചോരി’ വോട്ടർമാർക്കിടയിൽ പ്രകമ്പനം ഉണ്ടാക്കിയിട്ടില്ലേ? സംസ്ഥാനത്തെ രൂക്ഷമായ തൊഴിൽപ്രതിസന്ധിയും അഴിമതിയും അഭിസംബോധന ചെയ്യുകവഴി വോട്ടർമാരെ കയ്യിലെടുക്കാൻ പ്രതിപക്ഷ സഖ്യത്തിനാവുമോ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ ആണ് ബിഹാറിലെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ഉയരുന്നത്.
പ്രതിപക്ഷ സഖ്യമായ ‘മഹാഘട്ബന്ധ’നെ ഒരു ‘മുസ്‍ലിം ശക്തി’യാണെന്ന് വലിയൊരു വിഭാഗം ഹിന്ദു വോട്ടർമാരെ ബോധ്യപ്പെടുത്താൻ ബി.ജെ.പി പല അടവുകളും പയറ്റിയിട്ടുണ്ട്. ഇതിനുപുറമെ, മുസ്‍ലിം കേന്ദ്രിത പാർട്ടിയായ ആൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) ഒറ്റക്ക് മൽസരിക്കുന്നതിനാൽ മുസ്‍ലിം വോട്ടുകൾ സമാഹരിക്കുന്നതിൽ പ്രതിപക്ഷ സഖ്യം വെല്ലുവിളി നേരിട്ടേക്കുമെന്നും റിപ്പോർട്ടുണ്ട്. അതിനെയെല്ലാം മറികടക്കാൻ കോൺഗ്രസ് പ്രചാരണത്തിലുടനീളം എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന തൊഴിൽ പ്രതിസന്ധിയിലും അഴിമതിയിലുമാണ് ശ്രദ്ധയൂന്നിയത്.
കള്ളുകുടിയനും പീഡകനുമായ ഭർത്താവ് സ്വബോധത്തിലാവുന്ന അപൂർവം സന്ദർത്തിൽ ഭാര്യക്ക് സാരി വാങ്ങാൻ പണം നൽകുന്നതുപോലെയാണ് എൻ.ഡി.എ സർക്കാർ അടുത്തിടെ സ്ത്രീകൾക്ക് പ്രഖ്യാപിച്ച പതിനായിരം രൂപയെ പ്രിയങ്ക വിശേഷിപ്പിച്ചത്.
കോൺഗ്രസ് നേതാവ് ഷക്കീൽ അഹ്മദ് ഖാൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയെ വരവേൽക്കാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ‘ഇന്ദിരാജിയുടെ കൊച്ചുമകൾ പ്രിയങ്കയെ കാണാൻ ആണ് ഞങ്ങൾ എല്ലാവരും വന്നത്. ആരു ജയിക്കുമെന്നത് ഞങ്ങൾക്ക് ഉറപ്പില്ല. പക്ഷെ, ഞങ്ങളെല്ലാവരും ഇപ്പോഴത്തെ അഴിമതിയിൽ അസംതൃപ്തരാണ്. എല്ലാത്തിനും കൈക്കൂലിവേണം. ഭൂമി രജിസ്റ്റർ ചെയ്യാൻ പോലും ഉദ്യോഗസ്ഥർക്ക് പണം കൊടുക്കണം’- വയോധികനായ ഹസീബുർ റഹ്മാർ പറയുന്നു. ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കുന്നുണ്ട്. പിന്നെ ഭൂമിയുടെ രേഖകൾ ലഭിക്കാൻ ഞങ്ങളെയെന്തിന് ദിവസങ്ങളോളം നടത്തിക്കണം? ഞങ്ങളുടെ മക്കൾ പുറംനാടുകളിൽ ജോലി ചെയ്ത് ലഭിക്കുന്ന ചെറിയ പണത്തിൽനിന്നുള്ള വിഹിതം പോലും ഇവർക്ക് കൊടുക്കേണ്ടിവരികയാണ് -അദ്ദേഹം പറഞ്ഞു.
ബിഹാറിലെ യുവതികളായ അമ്മമാരും അവരുടെ വളർന്നുവരുന്ന മക്കളെക്കുറിച്ച് ഉൽകണ്ഠാകുലരാണ്. എല്ലാ രാഷ്ട്രീയക്കാരും വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. പക്ഷെ, ഞങ്ങളുടെ മക്കൾക്കെല്ലാം മതിയായ തൊഴിൽ അവർ എവിടെനിന്നു നൽകുമെന്നായിരുന്നു ഒരു യുവതിയുടെ ചോദ്യം. ഈ വികാരം തിരിച്ചറിഞ്ഞാണ് മഹാഘഡ്ബന്ധൻ എല്ലാ കുടുംബത്തിലും ഒരു സർക്കാർ ജോലി എന്ന വാഗ്ദാനം നൽകിയത്.
‘മൂന്നു മാസമായി ഞങ്ങളുടെ അക്കൗണ്ടിലേക്ക് ചില്ലിക്കാശ് വന്നിട്ടില്ല. അതിനാൽ അക്കൗണ്ട് േബ്ലാക്ക് ആയിക്കിടക്കുകയാണെ’ന്നാണ് മരപ്പണിക്കാരനായ ധീരേന്ദ്ര ശർമ പറയുന്നത്. സ്വന്തമായി വീടില്ല. സർക്കാർ ഭവനപദ്ധതി വഴി വീടിന് അപേക്ഷിക്കാൻ 5000രൂപ കൈക്കൂലി കൊടുക്കണം. അത് തന്റെ പക്കൽ ഇല്ലെന്നും ശർമ പറയുന്നു.
നേപ്പാൾ അതിർത്തിക്കടുത്തുള്ള ബഹാദൂർഗഞ്ചിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ റാലിയിലേക്ക് നടക്കുമ്പോൾ യാസിർ എന്ന യുവാവ് തന്റെ രണ്ട് സുഹൃത്തുക്കളെയും കൂടെ കൂട്ടി. ‘എ.ഐ.എം.ഐ.എമ്മിനെ പിന്തുണക്കുന്നതിന് മുമ്പ് ആദ്യം രാഹുൽ ഗാന്ധിയുടെ വാക്കുകൾ കേൾക്കൂ’ എന്ന് യാസിർ തന്റെ സുഹൃത്തുക്കളിൽ ഒരാളായ ഡാനിഷിനോട് പറയുന്നു. ഇരുവരും പൂർണിയ സർവകലാശാലയിൽ പഠിക്കുന്നു. അധ്യാപക യോഗ്യതാ പരീക്ഷക്കും സിവിൽ സർവിസ് പരീക്ഷകൾക്കും തയ്യാറെടുക്കുകയാണ്.
നല്ല വിദ്യാഭ്യാസമോ ജോലിയോ ലഭിക്കാൻ നാമെല്ലാവരും സംസ്ഥാനം വിടേണ്ടിവരുന്ന ഈ വ്യവസ്ഥിതിയെ മാറ്റാൻ അവർക്ക് മാത്രമേ കഴിയൂ എന്ന് എനിക്ക് തോന്നുന്നതിനാൽ താൻ മഹാഗഘഡ്ബന്ധനെ പിന്തുണക്കുന്നുവെന്നാണ് യാസിർ പറയുന്നത്.
ബിഹാറിന്റെ അടിസ്ഥാന യാഥാർഥ്യങ്ങളാണ് ഇവരുടെയെല്ലാം വാക്കുകളിലൂടെ പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.