ഒരു ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, തൊഴിലുറപ്പ് കാർഡ് ഇത്രയുമാണ് ബിഹാറിലെ ഗ്രാമവാസികളായ യുവാക്കളുടെ കൈവശമുള്ളത്. ഈ മൂന്ന് രേഖകളാണ് സത്യത്തിൽ അവരുടെ ജീവിതം നിർവചിക്കുന്നതും. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ട പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണ പ്രകാരം, 2003 ലെ വോട്ടർ പട്ടികയിൽ പേരില്ലാത്ത മാഞ്ചി പോലുള്ള ഗ്രാമങ്ങളിലെ താമസക്കാർ അവരുടെ പൗരത്വം തെളിയിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ച 11 രേഖകളിൽ ഒന്ന് നൽകണം.
ഇവരിൽ പലർക്കും ജാതിസർട്ടിഫിക്കറ്റ് പോലുമില്ല. ജൂലൈ 25നകം ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ഇവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനുമാകില്ല. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തട്ടകത്തിലുള്ള നളന്ദ ജില്ലയിലെ ഹർനൂത് മുതൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വൈശാലിയിലെ രഘോപൂർ വരെയുള്ള ഗ്രാമത്തിലെ ആളുകളാണ് ദുരിതം വിവരിക്കുന്നത്. രഘോപൂർ സീറ്റ് ഇപ്പോൾ ലാലുവിന്റെ മകനും മുതിർന്ന ആർ.ജെ.ഡി നേതാവുമായ തേജസ്വി പ്രസാദ് യാദവിന്റെ അധീനതയിലാണ്.
രജിസ്റ്റർ ചെയ്ത 7.8 കോടി വോട്ടർമാരുടെ രേഖകളാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. പുതിയ വോട്ടർമാരോടും നിലവിലുള്ള വോട്ടർമാരോടും പൗരത്വം തെളിയിക്കാനുള്ള രേഖകളാണ് ഇക്കുറി തെരഞ്ഞെടുപ്പ് കമീഷൻ ചോദിക്കുന്നത്.
ബിഹാറിലെ ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം ജാതി സർട്ടിഫിക്കറ്റും താമസ സർട്ടിഫിക്കറ്റും നേടിയെടുക്കാനുള്ള അലച്ചിൽ നിരാശാജനകവും നിരർഥകവുമായ പോരാട്ടമാണ്. തെരഞ്ഞെടുപ്പ് കമീഷൻ നിഷ്‍കർഷിച്ച 11 രേഖകളിൽ ഏറ്റവും പ്രധാനവും ഇത് രണ്ടുമാണ്.
ഈ സർട്ടിഫിക്കറ്റുകൾ വേഗത്തിലാക്കാൻ ജില്ലാ മജിസ്‌ട്രേറ്റുകൾ നിർദേശം നൽകിയിട്ടുണ്ടെങ്കിലും പലർക്കും ഇതിനെ കുറിച്ച് അറിയില്ല എന്നാണ് തോന്നുന്നത്. അല്ലെങ്കിൽ പുതിയ ഇലക്ടറൽ ഫോമുകളുമായി ബി.എൽ.ഒമാർ ഇതുവരെ അവരെ സമീപിച്ചിട്ടില്ല എന്നും മനസിലാക്കാം.
ഗ്രാമവാസികളിൽ ഭൂരിഭാഗവും നിരക്ഷരാണ്. ഫോമുകൾ പൂരിപ്പിക്കാൻ പോലും അറിയില്ല. അതിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു. ഭൂരിഭാഗം വോട്ടർമാരും 2003ലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടവരാണ്. എന്നാൽ പട്ടികയിൽ ഇല്ലാത്തവരെ പുതുതായി ചേർക്കാൻ പുതിയ അപേക്ഷാഫോറവും ലഭ്യമല്ലെന്ന് ബി.എൽ.ഒ മാർ(ബൂത്ത് തല ഓഫിസർമാർ) പറയുന്നു.
വൈശാലി ജില്ലയിൽ 26 ലക്ഷം വോട്ടർമാരുണ്ട്. അതിൽ പകുതി വോട്ടർമാർക്ക് അപേക്ഷ നൽകിക്കഴിഞ്ഞു. വിതരണം ചെയ്ത ഫോമുകളിൽ രണ്ടരലക്ഷം പൂരിപ്പിച്ചു തിരിച്ചയച്ചു. അതിൽ തന്നെ 30,000 പേരുടെ വിവരങ്ങളാണ് അപ്ലോഡ് ചെയ്തതെന്ന് ജില്ല മജിസ്ട്രേറ്റ് വർഷ സിങ് പറയുന്നു. ജൂലൈ ഏഴിനകം ഫോമുകളുടെ വിതരണം പൂർത്തിയാക്കണമെന്നാണ് നിർദേശം. ഇക്കാര്യങ്ങൾ പ്രതിപക്ഷം ശ്രദ്ധയിൽ പെടുത്തുമ്പോൾ, രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളാണ് എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് നിതീഷ് കുമാർ സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.