പട്ന: ബിഹാറിലെ ഗയ നഗരത്തിന്‍റെയും പേര് മാറ്റി. നഗരം ഇനി ഗയാ ജി എന്നാണ് അറിയപ്പെടുക. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നഗരത്തിന്‍റെ ചരിത്രപപരവും മതപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.
തീരുമാനം ഗയയുടെ മതപരമായ പ്രാധാന്യത്തെ കൂടുതല്‍ ഉയര്‍ത്തിക്കാട്ടുമെന്നും, സനാതന സംസ്‌കാരത്തോടുള്ള എന്‍.ഡി.എ സര്‍ക്കാറിന്‍റെ സമര്‍പ്പണമാണിതെന്നും ബി.ജെ.പി എം.പി രവിശങ്കര്‍ പ്രസാദ് എക്സിൽ പറഞ്ഞു. പ്രാദേശിക വികാരങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ ഒരു ദശാബ്ദമായി താൻ ഇതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് ഗയ എം.എൽ.എ പ്രേം കുമാർ പ്രതികരിച്ചു.
സംസ്ഥാനത്തെ പ്രധാന നഗരമാണ് ഗയ. ഹൈന്ദവ പുരാണങ്ങളിലും രാമായണത്തിലും മഹാഭാരതത്തിലും പരാമർശിച്ച സ്ഥലമാണിത്. ഹിന്ദുക്കൾക്കും ബുദ്ധമതസ്തർക്കും ഒരു പോലെ പുണ്യസ്ഥലംകൂടിയാണ് ഗയ. ബുദ്ധന് ജ്ഞാനോദയം ലഭിച്ചതായി പറയപ്പെടുന്ന ബോധ് ഗയ ഇവിടെയാണ്. ബുദ്ധമതത്തിന്റെ നാല് പുണ്യസ്ഥലങ്ങളിൽ ഒന്നാണിത്. എല്ലാ വർഷവും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഗയ സന്ദർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.