പട്ന: വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്ന എക്സിറ്റ് പോൾ പ്രവചനം ശരിവെച്ചുകൊണ്ട് ബിഹാറിൽ എൻ.ഡി.എ മുന്നേറുന്നു. വോട്ടെണ്ണൽ തുടങ്ങി രണ്ടുമണിക്കൂർ പിന്നിട്ടപ്പോൾ 161 സീറ്റിലാണ് എൻ.ഡി.എ ലീഡ് നിലനിർത്തുന്നത്. ഇൻഡ്യ സഖ്യത്തിന് 68 സീറ്റിലും ജൻസുരാജിന് മൂന്നും മറ്റുള്ളവർ 11ഉം സീറ്റുകളിൽ മേൽക്കൈ ഉണ്ട്.
എല്ലാ എക്സിറ്റ് പോളുകളും എൻ.ഡി.എക്ക് 150നും 170നും ഇടയിൽ സീറ്റ് ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. ഏതാണ്ട് ഇത് ശരിവെക്കുന്ന തരത്തിലാണ് നിലവിലുള്ള ഫലം. എൻ.ഡി.എയിൽ ജെ.ഡി.യു 75ഉം ബി.ജെ.പി 70ഉം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. കഴിഞ്ഞ തവണ 75 സീറ്റുണ്ടായിരുന്ന ആർ.ജെ.ഡി 59ലും 19 സീറ്റുള്ള കോൺഗ്രസ് ഒമ്പത് സീറ്റിലും ഒതുങ്ങി.
2020ലെ സീറ്റുനില:
ബി.ജെ.പി - 74
ജെ.ഡി.യു -43
ആർ.ജെ.ഡി -75
കോൺഗ്രസ് -19
ജെ.എസ്.പി -0
മറ്റുള്ളവർ -32
ഇത്തവണ 66.91 ശതമാനമാണ് ഓവറോൾ പോളിങ് ശതമാനം. ബിഹാറിന്റെ ചരിത്രത്തിലെ റെക്കോഡ് പോളിങ്ങാണിത്. ആദ്യഘട്ടത്തിൽ 65.08ശതമാനമായിരുന്നു പോളിങ്. രണ്ടാംഘട്ടത്തിൽ 68.76ശതമാനമായി. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു നോക്കുമ്പോൾ 9.62ശതമാനം അധികമാണ് ഇത്തവണ ഓവറോൾ പോളിങ് ശതമാനം. കഴിഞ്ഞ തവണ അത് 57.29ശതമാനമായിരുന്നു. കഴിഞ്ഞ തവണ ബിഹാറിൽ മൂന്നുതവണയാണ് സർക്കാറുകൾ മാറിയത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് അക്കുറി അഞ്ചുശതമാനം വർധനവാണ് പോളിങ്ങിൽ രേഖപ്പെടുത്തിയത്. പോളിങ് ശതമാനം വർധിച്ചിട്ടും സംസ്ഥാനത്ത് സ്ഥിരതയുള്ള ഒരു സർക്കാറുണ്ടായില്ല.
1967ലെ തെരഞ്ഞെടുപ്പിൽ(51.5) 1962നെ(44.5) അപേക്ഷിച്ച് ഏഴുശതമാനം കൂടുതലായിരുന്നു പോളിങ് ശതമാനം. ആ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് സർക്കാർ വീണത്. തുടർന്ന് കോൺഗ്രസിതര പാർട്ടികൾ ചേർന്ന് കൂട്ടുകക്ഷി സർക്കാർ രൂപവത്കരിച്ചു.
1980ലെ തെരഞ്ഞെടുപ്പിൽ 57.3ശതമാനമായിരുന്നു പോളിങ് ശതമാനം. 1977ൽ 50.5 ശതമാനവും.
ഇതേ സാഹചര്യം വീണ്ടും ആവർത്തിച്ചു. 1990ലും മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ്ങിൽ വലിയ വർധനവ് രേഖപ്പെടുത്തി. കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തായി. ജനതാദൾ സർക്കാർ രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.