ന്യൂഡൽഹി: സ്ഥാനാർഥി ചിത്രം തെളിഞ്ഞതോടെ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് കടന്ന് ബിഹാർ. മഹാസഖ്യത്തിലെ നേതാക്കളെ കടന്നാക്രമിച്ച് സമസ്തിപുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ റാലിക്ക് തുടക്കമിട്ടപ്പോൾ, കടുത്ത ഭാഷയിൽ മറുപടിയുമായി ഇൻഡ്യ മുന്നണി മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും രംഗത്തുവന്നു.
ആർ.ജെ.ഡിക്കും കോൺഗ്രസിനും സ്വന്തം കുടുംബത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് മാത്രമാണ് ആശങ്കയെന്നും നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻ.ഡി.എ മുൻകാല റെക്കോഡുകൾ തകർത്ത് അധികാരം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആയിരക്കണക്കിന് കോടിയുടെ അഴിമതിക്കേസിൽ ജാമ്യത്തിലിറങ്ങിയവരാണ് മഹാസഖ്യത്തിന്റെ നേതാക്കൾ. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഞങ്ങൾ ബിഹാറിൽ സദ്ഭരണത്തെ അഭിവൃദ്ധിയായി മാറ്റുകയാണ്. കോൺഗ്രസും ആർ.ജെ.ഡിയും എന്താണ് ചെയ്യുന്നതെന്ന് ജനം കാണുന്നുണ്ട്. ആർ.ജെ.ഡി പോലുള്ള ഒരു പാർട്ടി അധികാരത്തിലിരിക്കുന്നിടത്ത് ക്രമസമാധാനം നിലനിൽക്കില്ല.
ആർ.ജെ.ഡി ഭരണകാലത്ത് കൊള്ളയും കൊലപാതകവുമടക്കം കുറ്റകൃത്യങ്ങൾ വർധിച്ചു. ദലിതരും പിന്നാക്ക വിഭാഗക്കാരും യുവാക്കളും സ്ത്രീകളും ദുരിതമനുഭവിച്ചു. ആ ജംഗ്ൾ രാജ് വീണ്ടും സംഭവിക്കാൻ ബിഹാർ അനുവദിക്കില്ലെന്നും വ്യക്തമാക്കി. സമസ്തിപുരില്‍ രാവിലെ എത്തിയ മോദി കർപ്പുരി ഠാക്കൂറിന്റെ സ്മരണ നിലനില്‍ക്കുന്ന ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് ആദ്യ റാലിക്ക് തുടക്കമിട്ടത്.
പ്രധാനമന്ത്രിയുടെ അഴിമതി ആരോപണങ്ങൾക്ക് പ്രചാരണ റാലികളിൽ മറുപടിയുമായി തേജസ്വിയും രംഗത്തുവന്നു. നിതീഷ് കുമാറിന്റെ അഴിമതികളുടെ പട്ടിക മുമ്പ് നരേന്ദ്ര മോദി പുറത്തുവിട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു തേജസ്വിയുടെ മറുപടി. വെടിവെപ്പ്, കൊലപാതകം, കൊള്ള, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവയില്ലാത്ത ഒരു ദിവസം പോലും ബിഹാറിൽ ഇല്ല. രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് ഉത്തർപ്രദേശിലാണ്.
ബിഹാർ രണ്ടാം സ്ഥാനത്താണ്. ബി.ജെ.പി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്നത്. മോദി എന്താണ് അവിടെ ചെയ്യുന്നതെന്നും തേജസ്വി ചോദിച്ചു. ഗുജറാത്തിലെ വികസനം മാത്രമാണ് ബി.ജെ.പിയുടെ ശ്രദ്ധ. ബിഹാറിൽ അവർക്ക് അധികാരം വേണം. ഫാക്ടറികൾ ഗുജറാത്തിലും സ്ഥാപിക്കും. അത് ഇനി നടക്കില്ല. തെരഞ്ഞെടുപ്പിന് ശേഷം ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് ബി.ജെ.പി തീരുമാനിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. ഒരു കാര്യം വ്യക്തമാണ്, നിതീഷ് കുമാറിനെ വീണ്ടും ബി.ജെ.പി ഹൈജാക്ക് ചെയ്തു -തേജസ്വി പറഞ്ഞു.
കൂടുതൽ ദേശീയ നേതാക്കൾ അടുത്ത ദിവസങ്ങളിൽ ബിഹാറിൽ പ്രചാരണ രംഗത്ത് സജീവമാകും. മഹാസഖ്യത്തിന്റെ പ്രകടനപത്രിക ചൊവ്വാഴ്ച പുറത്തിറക്കും. രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്‍റെയും സംയുക്ത റാലിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.