നിതീഷ് കുമാർ
പട്ന: രണ്ട് പതിറ്റാണ്ടായി ബിഹാർ വാഴുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന് അടുത്ത മാസം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അഗ്നിപരീക്ഷ. ഓന്തിനെ പോലെ നിറം മാറുന്ന നേതാവ് എന്ന് എതിരാളികൾ ആരോപിക്കുന്ന നിതീഷിന് ഇത്തവണ കാര്യങ്ങൾ കടുക്കും.
ആർ.ജെ.ഡിയും കോൺഗ്രസും ഇടതു പാർട്ടികളും ശക്തമായ പോരാട്ടത്തിന് സജ്ജരാകുമ്പോൾ രാഷ്ട്രീയ വിശകലന വിദഗ്ധർ പോലും പ്രവചനത്തിന് മുതിരുന്നില്ല. അതേസമയം, 2005ൽ തുടങ്ങിയ നിതീഷ് യുഗത്തിന്റെ അവസാനമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുമുണ്ട്.
ഒരുകാലത്ത് ‘സുശാസൻ ബാബു’ (മികച്ച ഭരണകർത്താവ്) എന്നറിയപ്പെട്ടിരുന്ന നിതീഷ് ഇപ്പോൾ പഴയ നിതീഷിന്റെ നിഴൽ മാത്രമാണ്. പ്രായം കൂടുന്നതും ആരോഗ്യം ക്ഷയിക്കുന്നതും പാർട്ടിയിൽ തന്നെ പല അഭ്യൂഹങ്ങൾക്കുമിടയാക്കിയിരുന്നു. 2013 മുതൽ കാലുമാറി കളിക്കുന്നതിനാൽ എൻ.ഡി.എയിലെ വല്യേട്ടൻ പദവിക്കും ഇളക്കം തട്ടി. മുഖ്യമന്ത്രിയായി നിതീഷ് വരുമോയെന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുമില്ല.
101 സീറ്റുകൾ വീതമാണ് ജെ.ഡി.യുവും ബി.ജെ.പിയും ഇത്തവണ മത്സരിക്കുന്നത്. 2020ൽ ജെ.ഡി.യു 115ഉം ബി.ജെ.പി 110ഉം സീറ്റിലായിരുന്നു മത്സരിച്ചത്. ബി.ജെ.പിയുടെ ഒതുക്കലിന്റെ ലക്ഷണമാണിത്.
തൊഴിലില്ലായ്മയും ഇത്തവണ പ്രധാന ചർച്ചവിഷയമാകും. ജോലി തേടുന്ന യുവാക്കൾ പ്രതിപക്ഷത്തെ അനുകൂലിക്കുന്നു. മുസ്ലിം ന്യൂനപക്ഷം എൻ.ഡി.എ സഖ്യത്തിന് എതിരാണ്. അതേസമയം സ്ത്രീകളും മുതിർന്ന പൗരന്മാരും എൻ.ഡി.എയെ പിന്തുണക്കുന്നതായാണ് സൂചന. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്കും അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീനും (എ.ഐ.എം.ഐ.എം) ബിഹാറിൽ പലയിടങ്ങളിലും സ്വാധീനമുണ്ട്.
മുസ്ലിം ആധിപത്യമുള്ള പ്രദേശങ്ങളിൽ നൂറ് സീറ്റുകളിൽ മത്സരിക്കുന്ന എ.ഐ.എം.ഐ.എം പ്രവേശനം ഇൻഡ്യാ സഖ്യത്തിന് തലവേദനയാകും. ആർ.ജെ.ഡി തന്റെ പാർട്ടിയെ സഖ്യത്തിലുൾപ്പെടുത്തിയില്ലെന്നും മതേതര വോട്ടർമാരുടെ വിഭജനം ആർ.ജെ.ഡിയുടെ ഉത്തരവാദിത്തമായിരിക്കുമെന്നുമാണ് ഉവൈസിയുടെ വാദം. സീമാഞ്ചൽ മേഖലയിലെ കിഷൻഗഞ്ച്, കതിഹാർ, അരാരിയ, പൂർണിയ എന്നീ ജില്ലകളിലാണ് എ.ഐ.എം.ഐ.എമ്മിന്റെ സ്വാധീനം.
നിതീഷ് കുമാർ നൽകുന്ന സൗജന്യങ്ങളും പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ ‘ഓരോ കുടുംബത്തിനും ഒരു ജോലി’ എന്ന വാഗ്ദാനവും തമ്മിലുള്ള മത്സരമാണ് ഈ തെരഞ്ഞെടുപ്പ്. മഹിളാ റോസ്ഗർ യോജനക്കുകീഴിൽ 125 യൂനിറ്റ് സൗജന്യ വൈദ്യുതി, ഒരു കോടിയിലധികം സ്ത്രീകൾക്ക് പതിനായിരം രൂപ സഹായം എന്നിവ നിതീഷ് കുമാർ തുടങ്ങിയിട്ടുണ്ട്.
മുൻ ഉപമുഖ്യമന്ത്രി എന്ന നിലയിലുള്ള മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി വോട്ടർമാരെ സമീപിക്കുകയാണ് തേജസ്വി യാദവ്. പത്തുലക്ഷം ജോലി നൽകുമെന്ന വാഗ്ദാനവുമായി 2020ലെ തെരഞ്ഞെടുപ്പിനെ ഇളക്കിമറിച്ച നേതാവാണ് തേജസ്വി. തീവ്ര വോട്ടർപട്ടിക പരിഷ്കരണവും വോട്ടുചോരി വിവാദവും സംസ്ഥാനത്ത് ഇത്തവണ അലയടിക്കും.
എൻ.ഡി.എക്ക് ഭരണം നഷ്ടമായാൽ ഡൽഹിയിലും പ്രതിഫലനമുണ്ടാകും. കളംമാറി ചാടുന്നതിൽ വിരുതനായ നിതീഷ് തന്റെ 12 എം.പിമാരുടെ പിന്തുണ പിൻവലിച്ചാൽ നരേന്ദ്ര മോദിയും കുലുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.