വിവരക്കേട്​ പറയരുതെന്ന്​ യോഗിയോട്​ നിതീഷ്​; സി.എ.എയെചൊല്ലി എൻ.ഡി.എ പാളയത്തിൽ ഭിന്നത

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമത്തെയും അവസാനത്തെയും വോട്ടെടുപ്പ്​ നടക്കാനിരിക്കെ എൻ.ഡി.എ പാളയത്തിൽ ഭിന്നത. മുഖ്യമന്ത്രി നിതീഷ് കുമാർ ബുധനാഴ്ച സഖ്യകക്ഷിയായ ബിജെപിയുടെ താര പ്രചാരകൻ യോഗി ആദിത്യനാഥി​െന വിമർശിച്ച്​ രംഗത്തെത്തി. സി.എ.എ സംബന്ധിച്ച്​ യോഗി നടത്തിയ പ്രസ്​താവനയാണ്​ നിതീഷിനെ ചൊടിപ്പിച്ചത്​. 'നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്ന'ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രസ്​താവനയെ 'വിടുവായത്തം' എന്നാണ്​ നിതീഷ് വിശേഷിപ്പിച്ചത്​. ആരാണ്​ ഇത്തരം അനാവശ്യങ്ങൾ സംസാരിക്കുകയെന്നും നിതീഷ്​ ചോദിച്ചു.

'ചിലർ കുപ്രചരണം നടത്തുകയാണ്​. ആരെയാണ് രാജ്യത്ത് നിന്ന് പുറത്താക്കുക? എല്ലാവരും ഇന്ത്യയിൽ നിന്നുള്ളവരായതിനാൽ ആരെയും പുറത്താക്കാൻ ആർക്കും അധികാരമില്ല. ഞങ്ങൾ എല്ലായ്പ്പോഴും യോജിപ്പി​െൻറ അന്തരീക്ഷം സൃഷ്ടിക്കുകയും എല്ലാവരെയും ഒന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും'-നിതീഷ്​കുമാർ കിഷൻഗഞ്ചിലെ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.ഐക്യം, സാഹോദര്യം എന്നിവയ്ക്കായി പ്രവർത്തിക്കാനാണ് ത​െൻറ ശ്രമമെന്നും അതിനാൽ പുരോഗതി കൈവരിക്കാമെന്നും നിതീഷ് കൂട്ടിച്ചേർത്തു. 'ഈ ആളുകൾ ഭിന്നിപ്പുകൾ സൃഷ്ടിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നത്. അവർക്ക് മറ്റ് ജോലികളൊന്നുമില്ലേ'-അദ്ദേഹം ചോദിച്ചു.

നുഴഞ്ഞുകയറ്റക്കാരൻ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചാൽ കേന്ദ്രത്തിലെ ബിജെപി സർക്കാർ അവരെ ഇന്ത്യയിൽ നിന്ന് പുറത്താക്കുമെന്ന് യോഗി കതിഹാർ നിയമസഭാ സീറ്റിലെ റാലിയിൽ പറഞ്ഞിരുന്നു.'നുഴഞ്ഞുകയറ്റ പ്രശ്നത്തിന് മോദിജി പരിഹാരം കണ്ടെത്തിയിട്ടുണ്ട്​. സി‌എ‌എ (പൗരത്വ ഭേദഗതി നിയമം) ഉപയോഗിച്ച് പാകിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ സുരക്ഷ അദ്ദേഹം ഉറപ്പുവരുത്തി. ഇനിമുതൽ ഏതൊരു നുഴഞ്ഞുകയറ്റക്കാരനേയും രാജ്യം പുറത്താക്കും. രാജ്യത്തി​െൻറ സുരക്ഷയും പരമാധികാരവും പ്രശ്​നത്തിലാക്കുന്ന ആരെയും ഞങ്ങൾ വച്ചുപൊറുപ്പിക്കില്ല'-യോഗി ആദിത്യനാഥ് പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ പ്രാബല്യത്തിൽ വന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്തുടനീളം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. സി‌എ‌എയും ദേശീയ പൗരന്മാർക്കുള്ള രജിസ്റ്ററും (എൻ‌ആർ‌സി) മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ്​ സർക്കാർ ഉപയോഗിക്കുന്നതെന്ന്​ ആരോപണം ഉയർന്നിരുന്നു. യോഗിയും നിതീഷും ബീഹാറിൽ സഖ്യത്തിലാണ്​. മുസ്​ലിം വോട്ടുകൾ നിർണായകമായ സംസ്​ഥാനത്ത്​ ന്യൂനപക്ഷങ്ങൾക്ക്​ അലോസരമ​ുണ്ടാകാതിരിക്കാനാണ്​ നിതീഷി​െൻറ യോഗി വിരുദ്ധ പ്രസ്​താവനയെന്നാണ്​ സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.