ഏറ്റുമുട്ടല്‍ കൊല, വിമുക്തഭടന്‍െറ ആത്മഹത്യ: സര്‍ക്കാറിനെതിരെ യോജിച്ച നീക്കത്തിന് പ്രതിപക്ഷം

ന്യൂഡല്‍ഹി: എന്‍.ഡി.ടി.വിയുടെ സംപ്രേഷണ വിലക്ക്, ഭോപാലിലെ വിചാരണത്തടവുകാരുടെ വ്യാജ ഏറ്റുമുട്ടല്‍ കൊല, വിമുക്തഭടന്‍െറ ആത്മഹത്യ, അതിര്‍ത്തിസംഘര്‍ഷം തുടങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്കിടയിലുണ്ടായ സംഭവവികാസങ്ങളില്‍ മോദി സര്‍ക്കാറിനെതിരെ കടുത്ത പ്രതിഷേധം. അമര്‍ഷം സര്‍ക്കാര്‍ കാര്യമാക്കാത്തതിനിടയില്‍, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന വികാരം ദേശീയതലത്തില്‍ പടര്‍ന്നിട്ടുണ്ട്. പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനം 16ന് തുടങ്ങാനിരിക്കെ, സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച നീക്കത്തിലാണ്. ശനിയാഴ്ച ലഖ്നോവില്‍ നടന്ന സമാജ്വാദി പാര്‍ട്ടിയുടെ രജതജൂബിലി ജനതാപരിവാര്‍ പാര്‍ട്ടികളുടെ കൂട്ടായ നീക്കത്തിന് സാധ്യത വര്‍ധിപ്പിച്ചു.

കോണ്‍ഗ്രസ്, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയും സര്‍ക്കാറുമായി ഏറ്റുമുട്ടലിലാണ്. സാമൂഹികാന്തരീക്ഷം വീണ്ടും അശാന്തമായി. ഘര്‍ വാപസി, അസഹിഷ്ണുത പ്രശ്നങ്ങളുടെ തുടര്‍ച്ചയായാണ് മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാന്‍ പുതിയ ചുവടുവെപ്പിലേക്ക് സര്‍ക്കാര്‍ കടന്നത്. ചട്ടവിരുദ്ധമായി പത്താന്‍കോട്ട് ഭീകരാക്രമണ വാര്‍ത്താദൃശ്യങ്ങള്‍ നല്‍കിയെന്ന പേരിലാണ് ഹിന്ദിയിലുള്ള എന്‍.ഡി.ടി.വി-ഇന്ത്യയുടെ ഒരുദിവസത്തെ സംപ്രേഷണം സര്‍ക്കാര്‍ നിരോധിച്ചത്.

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിവരങ്ങള്‍ പുറത്തുവരുന്ന സുപ്രധാന തീയതിയായ നവംബര്‍ ഒമ്പതിനാണ് ഈ ഉപരോധം. മാധ്യമ ലോകത്തിനു പുറമെ, രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലുള്ളവരും മാധ്യമ വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതക്കെതിരെ രോഷം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും തീരുമാനം മാറ്റില്ളെന്നാണ് സര്‍ക്കാര്‍ നിലപാട്. ടി.വി ചാനലുകള്‍ ഒരിക്കല്‍പോലും ഇത്തരമൊരു വിലക്ക് നേരിടേണ്ടിവന്നിട്ടില്ല. എന്‍.ഡി.ടി.വിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന മാധ്യമലോകം ഒമ്പതിന് പുതിയ പ്രതിഷേധ മുഖങ്ങള്‍ സംഘടിപ്പിക്കുകയാണ്. ബി.ജെ.പിക്കുള്ളിലും എതിര്‍പ്പുകളുണ്ട്.

വിമുക്തഭടന്‍ ജീവനൊടുക്കിയ ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി വാഗ്ദാനത്തിലെ തട്ടിപ്പു തുറന്നുകാട്ടി കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പ്രതിഷേധത്തിന്‍െറ മുന്‍നിരയില്‍ ഇറങ്ങിയപ്പോള്‍ പതറിയ സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്ക് മൂക്കുകയറിടാന്‍ ശ്രമിച്ചത് പുതിയ കുരുക്കായി മാറുകയാണ് ചെയ്തത്. ഡല്‍ഹി മുഖ്യമന്ത്രിയെയും രാഹുല്‍ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തുമാറ്റി സര്‍ക്കാര്‍ ഉരുക്കുമുഷ്ടി പുറത്തെടുത്തു.

എന്നാല്‍, ബി.ജെ.പിയുടെ വോട്ടുബാങ്കായ സൈനികരും കുടുംബാംഗങ്ങളും സര്‍ക്കാറിനോട് രോഷത്തിലാണ്. ഭോപാലിലെ വ്യാജയേറ്റുമുട്ടല്‍ കൊല ഭരണകൂട ഭീകരതയുടെ തെളിവാണെന്ന് പ്രതിപക്ഷവും മനുഷ്യാവകാശപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാറാണ് പ്രധാനമായും ഇതിന് ഉത്തരംപറയേണ്ടി വരുന്നതെങ്കിലും എട്ടുപേരെ വ്യാജയേറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്രമെടുത്തത്.

യു.പി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് വിവിധ വിഷയങ്ങളില്‍ ബി.ജെ.പിയും മോദി സര്‍ക്കാറും പ്രതിക്കൂട്ടിലായത്. ശനിയാഴ്ച നടന്ന സമാജ്വാദി പാര്‍ട്ടിയുടെ രജതജൂബിലി പരിപാടി പ്രതിപക്ഷം കരുത്തുനേടുന്നതിന്‍െറ മറ്റൊരു തെളിവായി. അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് ജനതാപരിവാര്‍ നേതാക്കള്‍ മിക്കവരും ലഖ്നോവിലത്തെി. 

Tags:    
News Summary - bhopal massacre opposition point to bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.