മുംബൈ: ഭീമ-കൊറേഗാവ് കേസിൽ അറസ്റ്റിലായി വീട്ടുതടങ്കലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകരായ അരുൺ ഫെരേര, വെർനൊൺ ഗോൺസാൽവസ് എന്നിവരെ പുണെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച വീട്ടുതടങ്കൽ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇരുവരും ജാമ്യം തേടി പുണെ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
വീട്ടു തടങ്കൽ കാലാവധി ഒരാഴ്ചത്തേക്ക് നീട്ടാനും ആവശ്യമുന്നയിച്ചു. എന്നാൽ, സെഷൻസ് ജഡ്ജി കെ.ഡി. വദനെ ഇവരുടെ ഹരജി തള്ളി. ഇവരുടെ മാവോവാദി ബന്ധത്തിന് തെളിവുകളുണ്ടെന്നും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നുവെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഹരജി തള്ളിയത്. ഇവർ മാവോവാദി പ്രവർത്തനത്തിന് ഫണ്ടും ആയുധങ്ങളും സ്വരൂപിക്കുന്നുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. പുണെ പൊലീസ് മുംബൈയിലെ വസതികളിലെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇരുവരെയും ശനിയാഴ്ച പുണെ കോടതിയിൽ ഹാജരാക്കും. കവി വരവരറാവു, അഭിഭാഷക സുധ ഭരദ്വാജ്, പത്രപ്രവർത്തകൻ ഗൗതം നവലഖ എന്നിവർെക്കാപ്പം ആഗസ്റ്റ് 28നാണ് പുണെ പൊലീസ് ഫെരേരയെയും ഗോൺസാൽവസിനെയും അറസ്റ്റ് ചെയ്തത്. സുധ ഭരദ്വാജ് സമർപ്പിച്ച ഹരജിയും വെള്ളിയാഴ്ച കോടതി തള്ളി. ഇവരെ ഇന്ന് കസ്റ്റഡിയിലെടുക്കുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.