മോഹൻ ഭദവത്
ഗുവാഹത്തി: ഭാരതമെന്ന സങ്കൽപ്പത്തിൽ അഭിമാനംകൊള്ളുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ഗുവാഹത്തിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. ഹിന്ദുവെന്നത് മതപരമായ ഒരു വാക്ക് മാത്രമല്ല. ആയിരക്കണക്കിന് വർഷമായി വേരുറച്ച ഒരു സാംസ്കാരിക ഐഡന്റിറ്റിയാണതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ഭാരതവും ഹിന്ദുവും പര്യായപദങ്ങളാണ്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നതിന് ഔദ്യോഗികമായ പ്രഖ്യാപനത്തിന്റെ ആവശ്യമില്ല. ഇന്ത്യയുടെ സംസ്കാരം അത് പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആരെയെങ്കിലും എതിർക്കാനോ ഉപദ്രവിക്കാനോ അല്ല ആർ.എസ്.എസ് രുപീകരിക്കപ്പെട്ടത്. വ്യക്തിത്വനിർമാണത്തിലും ഇന്ത്യയെ ആഗോളതലത്തിൽ ഒന്നാമതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത കുടിയേറ്റം, ഹിന്ദുക്കൾക്ക് മൂന്ന് കുട്ടികൾ വേണമെന്ന ആവശ്യം എന്നിവയിലെല്ലാം ആർ.എസ്.എസ് നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ ഇന്ത്യയുടെ വൈവിധ്യത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് മോഹൻ ഭാഗത് വടക്കു-കിഴക്കേ ഇന്ത്യയിലെത്തിയത്.
നേരത്തെ ആഗോള പ്രശ്നങ്ങൾക്ക് ഉത്തരങ്ങൾ നൽകാൻ പാകത്തിന് ബൗദ്ധീക ശേഷി ഇന്ത്യക്കുണ്ടെന്ന് മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ദേശീയതയിൽ നിന്നാണ് യുദ്ധങ്ങൾ ഉളവെടുക്കുന്നത്. അതുകൊണ്ടാണ് ലോകനേതാക്കൾ ആഗോള ദേശീയതയെ കുറിച്ച് സംസാരിക്കാനാരംഭിച്ചത്. എന്നാൽ, ആഗോളീകരണത്തെ കുറിച്ച് വാചാലരാവുമ്പോഴും ഇവരെല്ലാവരും സ്വന്തം രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് പരമാവധി പരിഗണന നൽകുന്നത് കാണാമെന്നും ഭഗവത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.