ന്യൂഡൽഹി: ആർ.എസ്.എസ്-എ.ബി.വി.പി നേതാവുകൂടിയായ ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം ലഭിച്ചപ്പോൾ നാട്ടിൽ വൻ 'വരവേൽപ്'. സ്വീകരണ ബോർഡുകൾ കണ്ട് സുപ്രീംകോടതിയുടെ രൂക്ഷ പ്രതികരണം.
ബലാത്സംഗക്കേസിൽ പ്രതിയായ വിദ്യാർത്ഥി നേതാവിന്റെ ജാമ്യത്തെ സ്വാഗതം ചെയ്തുകൊണ്ട് 'ഭയ്യ തിരിച്ചെത്തി' എന്നെഴുതിയ ഒരു കൂട്ടം പോസ്റ്ററുകളും ഹോർഡിംഗുകളും ആണ് തിങ്കളാഴ്ച സുപ്രീം കോടതിയെ വല്ലാതെ പ്രകോപിപ്പിച്ചത്. പ്രതി വിവാഹ വാഗ്ദാനം നൽകി തന്നെ നിരന്തരം ബലാത്സംഗം ചെയ്യുകയും ഗർഭഛിദ്രം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാരോപിച്ച് മധ്യപ്രദേശിൽ നിന്നുള്ള യുവതിയാണ് ജാമ്യത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.
"ഭയ്യ തിരിച്ചെത്തി എന്നൊരു ഹോർഡിംഗ് ഉണ്ട്. നിങ്ങൾ എന്താണ് ആഘോഷിക്കുന്നത്?" ചീഫ് ജസ്റ്റിസ് എൻ. വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ഹിമ കോഹ്‌ലി ചോദിച്ചു.
"എന്താണ് ഈ ഭയ്യ ഈസ് ബാക്ക്?. ഈ ഒരാഴ്ച്ച ശ്രദ്ധിക്കാൻ നിങ്ങളുടെ ഭയ്യയോട് ആവശ്യപ്പെടുക" -ചീഫ് ജസ്റ്റിസ് പ്രതിയുടെ അഭിഭാഷകനോട് പറഞ്ഞു.
കുറ്റാരോപിതനായ ശുഭാംഗ് ഗോണ്ടിയ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ വിദ്യാർത്ഥി വിഭാഗമായ എ.ബി.വി.പിയുടെ നേതാവാണ്. ജാമ്യത്തിനെതിരെ യുവതി നൽകിയ ഹരജിയുടെ ഭാഗമാണ് പോസ്റ്ററുകളെക്കുറിച്ചുള്ള വിവരങ്ങൾ. വിഷയത്തിൽ മധ്യപ്രദേശ് സർക്കാരിന്റെ പ്രതികരണവും കോടതി തേടി. നവംബറിൽ ശുഭാംഗ് ഗോണ്ടിയക്ക് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിന്റെ വസ്‌തുതകളും ഗൗരവവും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് യുവതി തന്റെ ഹരജിയിൽ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.