പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡി.കെ. ശിവകുമാറും ബെംഗളൂരു മെട്രോ യാത്രയ്ക്കിടെ സംസാരിക്കുന്നു.

ബെംഗളൂരുവിൽ പിങ്ക് ലൈൻ മെട്രോ പാതക്ക് തുടക്കം ; മോദിക്കൊപ്പം യാത്ര ചെയ്ത് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ മെട്രോ യാത്ര കൂടുതൽ വിപുലമാകുന്നു. ന​ഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി നമ്മ മെട്രോയുടെ പിങ്ക് ലൈൻ ആദ്യഘട്ട പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കലേന അഗ്രഹാര മുതൽ എസ്.ജി. പാല്യ വരെയുള്ള 7.5 കിലോമീറ്റർ ഉയർന്ന പാതയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗവർണർ സുധാ യാദവ് എന്നിവർക്കൊപ്പം ടിക്കറ്റെടുത്ത് മെട്രോയിൽ യാത്ര നടത്തി. യാത്രയ്ക്കിടെ മുകളിൽ മെട്രോയും താഴെ റോഡ് വാഹനങ്ങളും സഞ്ചരിക്കുന്ന ഇരട്ടനില മേൽപ്പാലത്തിന്റെ സവിശേഷതകൾ ഡി.കെ. ശിവകുമാർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നൽകി.

ഏകദേശം 3,470 കോടി രൂപ ചെലവിൽ നിർമിച്ച ഈ പാതയിൽ കലേന അഗ്രഹാര, ഹുളിമാവ്, ബിലേക്കഹള്ളി-ഐഐഎംബി, എൻ.എസ്. പാല്യ-ജെ.പി നഗർ നാലാം ഘട്ടം, ജയദേവ ആശുപത്രി, എസ്.ജി. പാല്യ എന്നിങ്ങനെ ആറ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ ജയദേവ ആശുപത്രി സ്റ്റേഷനിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ഭാഗത്തേക്കുള്ള യെല്ലോ ലൈനിലേക്ക് യാത്രക്കാർക്ക് മാറിക്കയറാൻ സാധിക്കും. പുതിയ പാത കൂടി തുറക്കുന്നതോടെ 103.6 കിലോമീറ്റർ ദൂരമുള്ള ബെംഗളൂരു മെട്രോ, ഡൽഹിക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോ ശൃംഖലയായി മാറി.

നവംബർ 14 ശനിയാഴ്ച രാവിലെ ആറുമണി മുതൽ പൊതുജനങ്ങൾക്ക് ഈ പാതയിൽ യാത്ര ചെയ്യാം. തുടക്കത്തിൽ അഞ്ച് ട്രെയിനുകൾ ഉപയോഗിച്ച് എട്ട് മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ് നടത്തുക. കലേന അഗ്രഹാര മുതൽ വടക്കൻ ബെംഗളൂരുവിലെ നാഗവാര വരെ നീളുന്ന 21.25 കിലോമീറ്റർ പൂർണ പിങ്ക് ലൈനിന്റെ ശേഷിക്കുന്ന 13.75 കിലോമീറ്റർ ഭൂഗർഭ പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. 2027-ഓടെ ഇത് പൂർത്തിയാകുന്നതോടെ തെക്കൻ ബെംഗളൂരുവും വടക്കൻ മേഖലയും തമ്മിൽ നേരിട്ടുള്ള മെട്രോ ബന്ധം സാധ്യമാകും.

Tags:    
News Summary - Bengaluru Metro Pink Line Inaguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.