മൈക്രോസോഫ്റ്റ് പണിമുടക്കി; ഡൽഹിയിൽ മൂന്ന് വിമാനങ്ങൾ റദ്ദാക്കി, രണ്ടെണ്ണം വൈകി

ന്യുഡൽഹി: ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് നേരിടുന്ന സാങ്കേതിക തകരാർ ഇന്ത്യയിലെ വിമാന സർവീസുകളെയും ബാധിച്ചുതുടങ്ങി. മൈക്രോസോഫ്റ്റ് തകരാറിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കിയതായും രണ്ട് വിമാനങ്ങൾ വൈകിയതായും സ്പൈസ് ജെറ്റ് അറിയിച്ചു. മറ്റ് വിമാനക്കമ്പനികൾ ഇതുവരെ സർവീസുകളിൽ തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനങ്ങളുടെ സമയക്രമവും സർവീസ് നിലയും പരിശോധിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽനിന്ന് പുറപ്പെടേണ്ട മൂന്ന് സ്പൈസ് ജെറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഡൽഹി–പുണെ, ഡൽഹി–ലേ, ഡൽഹി–മുംബൈ സർവീസുകളാണ് റദ്ദാക്കിയത്.

ഡൽഹി-ദർഭംഗ, ഡൽഹി-മുംബൈ എന്നീ രണ്ട് സ്‌പൈസ് ജെറ്റ് വിമാനങ്ങൾ വൈകി.

വിമാനക്കമ്പനികളും വിമാനത്താവളങ്ങളും പുറത്തിറക്കിയ അറിയിപ്പുകൾ പ്രകാരം, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനത്തിന്റെ സർവീസ് നില പരിശോധിക്കണം. മൈക്രോസോഫ്റ്റ് തകരാറിന്റെ പശ്ചാത്തലത്തിൽ ഇൻഡിഗോയും,ആകാശ എയറും,ഡൽഹി വിമാനത്താവളവും യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഔട്ട്‌ലുക്ക് ഉൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് പ്ലാറ്റ്‌ഫോമുകളിൽ വ്യാഴാഴ്ച വ്യാപകമായ സാങ്കേതിക തകരാർ അനുഭവപ്പെട്ടു. ഇമെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിലും ടെക് ഭീമന്റെ വിവിധ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നതിലും നിരവധി ഉപയോക്താക്കൾക്ക് തടസ്സം നേരിട്ടതിനാൽ, സാങ്കേതിക തടസ്സങ്ങൾ പരിശോധിച്ചുവരികയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

തകരാറിന് കാരണമായത് എന്താണെന്ന കാര്യത്തിൽ മൈക്രോസോഫ്റ്റ് കൂടുതൽ വിവരങ്ങൾ നൽകിയില്ല. അതേസമയം, പ്രശ്നം പരിഹരിക്കാനുള്ള നടപടി പരീക്ഷിച്ചുവരികയാണെന്ന് കമ്പനി അറിയിച്ചു.

Tags:    
News Summary - Microsoft strike; three flights cancelled, two delayed in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.