കശ്മീരിൽ വിവാഹസദ്യക്ക് രാത്രി 10ന് കട്ട് ഓഫ്

ശ്രീനഗർ: വരനും സംഘവും എത്താൻ വൈകും… അതുവരെ കാത്തിരിക്കണം… അർധരാത്രി കഴിഞ്ഞാലും ജോലി തീരില്ല! വിവാഹവിരുന്നുകളിലെ ഈ പതിവിനെതിരെ പുതിയ തീരുമാനവുമായി കശ്മീരിലെ പരമ്പരാഗത പാചകത്തൊഴിലാളികൾ. ഇനി രാത്രി 10ന് ശേഷം വിവാഹസദ്യ വിളമ്പില്ലെന്ന് കശ്മീർ വാസ അസോസിയേഷൻ പ്രഖ്യാപിച്ചു.

കശ്മീരിലെ പ്രശസ്തമായ വിഭവസമൃദ്ധമായ വാസ്‌വാൻ തയ്യാറാക്കുകയും വിളമ്പുകയും ചെയ്യുന്നവരാണ് വാസകൾ. മണിക്കൂറുകൾ നീളുന്ന പാചകത്തിനുശേഷം ഉച്ചഭക്ഷണം മുതൽ രാത്രി വൈകിയുള്ള വിരുന്നുവരെ ഇവർക്ക് ജോലി ചെയ്യേണ്ടിവരുന്നു. വധുവിന്റെ വീട്ടിലാണ് പാചകമെങ്കിൽ വരനും സംഘവും എത്തുന്നതുവരെ കാത്തിരിക്കണം. പലപ്പോഴും അർധരാത്രി കഴിഞ്ഞാണ് വരന്റെ വരവ്.

വൈകിയെത്തുന്ന വരനെ കാത്തിരുന്ന് പുലർച്ചെ ഒന്നുവരെ നിക്കാഹ് നടത്താൻ കഴിയാതെ മൗലവി മടങ്ങിപ്പോയ സംഭവങ്ങൾ പോലുമുണ്ടായിട്ടുണ്ടെന്ന് കശ്മീർ വാസ അസോസിയേഷൻ പ്രസിഡന്റ് ഗുലാം നബി വാസ പറഞ്ഞു.

“ഞങ്ങളും മനുഷ്യരാണ്. ഞങ്ങൾക്കും വിശ്രമവും മാന്യമായ തൊഴിൽസമയവും വേണം. അതുകൊണ്ടാണ് രാത്രി 10ന് സമയപരിധി നിശ്ചയിച്ചത്” - അദ്ദേഹം വ്യക്തമാക്കി.

വിവാഹവിരുന്നുകൾക്ക് വൈകിയെത്തുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും ഈ ശീലം ഉപേക്ഷിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. വാസ്‌വാനുമായി ബന്ധപ്പെട്ട് നിരവധി പേർ ജോലി ചെയ്യുന്നുണ്ടെന്നും അവർക്കും മാന്യമായ തൊഴിൽസാഹചര്യങ്ങൾ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോലി കഴിഞ്ഞ് വിശ്രമിക്കാൻ മതിയായ സൗകര്യം പോലും ലഭിക്കുന്നില്ലെന്ന് ചില പാചകത്തൊഴിലാളികൾ പരാതിപ്പെട്ടു. അടുത്ത ദിവസത്തെ കഠിനമായ ജോലിക്ക് മുമ്പ് വിശ്രമിക്കാൻ അനുയോജ്യമായ ഇടം ഒരുക്കേണ്ടത് ആതിഥേയരുടെ ഉത്തരവാദിത്തമാണെന്നും അവർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Kashmir sets 10 pm cut-off for wedding feasts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.