ബംഗളൂരു: ടെക് നഗരമായ ബംഗളൂരുവിനെയും വ്യവസായ നഗരമായ കോയമ്പത്തൂരിനെയും ബന്ധിപ്പിച്ച് വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണയോട്ടം വിജയകരം. ബുധനാഴ്ച പുലർച്ച അഞ്ചിന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ 10.38ന് ബംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെത്തി.
തിരുപ്പൂർ, ഈറോഡ്, സേലം, ധർമപുരി, ഹൊസൂർ വഴിയായിരുന്നു സർവിസ്. ഉച്ചക്ക് 1.40ന് തിരികെ കോയമ്പത്തൂരിലേക്ക് പോയി. ശനിയാഴ്ച മുതൽ കോയമ്പത്തൂർ-ബംഗളൂരു-കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് സർവിസ് ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ഇതോടെ ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാദൈർഘ്യം അഞ്ചര മുതൽ ആറുവരെ മണിക്കൂറായി കുറയും. നിലവിൽ കോയമ്പത്തൂർ-ബംഗളൂരു-കോയമ്പത്തൂർ റൂട്ടിൽ ഡബ്ൾ ഡക്കർ ഉദയ് എക്സ്പ്രസ് സർവിസ് നടത്തുന്നുണ്ട്. പുലർച്ച 5.45ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന ഉദയ് എക്സ്പ്രസ് ബംഗളൂരുവിലെത്താൻ ഏഴു മണിക്കൂറോളമാണെടുക്കുന്നത്.
ബംഗളൂരുവിൽനിന്നുള്ള നാലാമത്തെ വന്ദേഭാരത് എക്സ്പ്രസ് സർവിസാണിത്. നേരത്തെ മൈസൂരു-ബംഗളൂരു-ചെന്നൈ, ബംഗളൂരു-ധാർവാഡ്- ബെളഗാവി, ബംഗളൂരു-ഹൈദരാബാദ് സർവിസുകൾ ആരംഭിച്ചിരുന്നു. മംഗളൂരുവിൽനിന്ന് ഗോവയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസും കഴിഞ്ഞദിവസം പരീക്ഷണയോട്ടം നടത്തി. ശനിയാഴ്ച ആരംഭിക്കുന്ന കോയമ്പത്തൂർ-ബംഗളൂരു-കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസിന്റെ നമ്പറും യാത്രാ ഷെഡ്യൂളും ടിക്കറ്റ് നിരക്കും സംബന്ധിച്ച് വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.