ന്യൂഡല്‍ഹി: നാലുമാസം കൊണ്ട് വിചാരണ തീർക്കണമെന്ന് 2014ൽ സുപ്രീംകോടതി നിർദേശിച്ച ബംഗളൂരു സ്ഫോടന കേസ് വീണ്ടും നീണ്ടുപോയേക്കാവുന്ന വിധത്തിൽ അന്തിമവാദം കേൾക്കൽ സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
കേസിലെ മൂന്നാം പ്രതി സർഫറാസ് നവാസിനെതിരെ പുതിയ തെളിവ് പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നൽകണമെന്ന ഹരജിയിലാണ് അന്തിമവാദം സ്റ്റേ ചെയ്യണമെന്ന കർണാടക സർക്കാറിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അബ്ദുന്നാസിർ മഅ്ദനി മാത്രം ജാമ്യത്തിലുള്ള കേസിൽ മറ്റു പ്രതികൾ 12 വർഷമായി വിചാരണ തടവുകാരായി ജയിലിലാണ്.
സാക്ഷി, ക്രോസ് വിസ്താരം പൂർത്തിയാക്കിയ കേസിന്റെ അന്തിമവാദത്തിനായി, പ്രതി ചേർക്കപ്പെട്ടവർ കാത്തുനിൽക്കേയാണ് പുതിയ ഉത്തരവ്. വിചാരണ കോടതിയും ഹൈകോടതിയും തള്ളിയ ആവശ്യവുമായാണ് കർണാടക സർക്കാർ സുപ്രീംകോടതിയിലെത്തിയത്. കർണാടക സർക്കാറിന്റെ ഹരജി അംഗീകരിച്ച് സർഫറാസിനെതിരായ തെളിവ് സ്വീകരിച്ചാൽ മറ്റു പ്രതികളുടെ വിചാരണ നടപടികളെയും ബാധിക്കും. ഇതു പരിഗണിച്ച് മഅ്ദനി അടക്കം കേസിലെ 21 പ്രതികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
സർഫറാസിൽനിന്ന് കണ്ടെടുത്ത ഹാർഡ് ഡിസ്കിന്റെ ഫോറൻസിക് പരിശോധനാ ഫലം ഇന്ത്യൻ തെളിവ് നിയമത്തിലെ നടപടി ക്രമം പാലിക്കാതെ സമർപ്പിച്ചതുകൊണ്ടാണ് വിചാരണ കോടതി തള്ളിക്കളഞ്ഞത്. ഇതിനെതിരെ ഹൈകോടതിയെ സർക്കാർ സമീപിച്ചപ്പോൾ അത് തീർപ്പാക്കുന്നതുവരെ അന്തിമവാദം സ്റ്റേ ചെയ്തിരുന്നു. 12 വർഷത്തിന് ശേഷവും കേസ് നീട്ടാനുള്ള നീക്കമായതിനാൽ ഹരജിയിലെ ആവശ്യം അനുവദിക്കരുതെന്ന് മഅ്ദനിക്കുവേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാനും മറ്റു പ്രതികൾക്കായി വാദിച്ച ബാലാജി ശ്രീനിവാസും ബോധിപ്പിച്ചു.
സർക്കാർ മുഴുവൻ വസ്തുതകൾ ബോധിപ്പിച്ചില്ല -പ്രതിഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.