ബംഗളൂരു: ബംഗളൂരുവിൽ കെട്ടിടത്തിൽനിന്ന് വീണു മരിച്ച എയർഹോസ്റ്റസിന്റെ മരണം കൊലപാതകമാണെന്ന് ബംഗളൂരു പൊലീസ്.കേസിൽ യുവതിയുടെ കാമുകനും കാസർകോട് സ്വദേശിയുമായ ആദേശ് (26) നേരത്തേ അറസ്റ്റിലായിരുന്നു. ബംഗളൂരുവിനും ദുബൈക്കുമിടയിൽ സർവിസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ എയർഹോസ്റ്റസും ഹിമാചൽപ്രദേശ് സ്വദേശിയുമായ അർച്ചന ധിമാനെ (28) മാർച്ച് 11ന് പുലർച്ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡൻസി അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്ന് വീണ നിലയിൽ കണ്ടെത്തിയത്.
ആദേശ് തന്നെയാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് യുവതി താഴെ വീണതായി അറിയിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നാലു ദിവസം മുമ്പാണ് അർച്ചന ആദേശിനെ കാണാൻ ബംഗളൂരുവിൽ എത്തിയത്.ബംഗളൂരുവിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന കാസർകോട് ജില്ലയിൽനിന്നുള്ള ആദേശ് ഡേറ്റിങ് ആപ്പിലൂടെയാണ് അർച്ചനയെ പരിചയപ്പെട്ടത്. ആറു മാസമായി ഇരുവരും പ്രണയത്തിലായിരുന്നു.
മരണം കൊലപാതകമാണെന്ന് ഡെപ്യൂട്ടി കമീഷണർ (സൗത്ത്-ഈസ്റ്റ്) സി.കെ. ബാബ പറഞ്ഞു. ഒന്നുകിൽ കൊല്ലാനായി ബാൽക്കണിയിൽനിന്ന് തള്ളിയിട്ടതായിരിക്കാം. അല്ലെങ്കിൽ നേരത്തേ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം താഴേക്കു തള്ളിയതാകാം.ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. മറ്റൊരു സ്ത്രീയുമായി ആദേശിന് ബന്ധമുള്ളതായി അറിഞ്ഞ അർച്ചന ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകമെന്നും പൊലീസ് പറഞ്ഞു.
അർച്ചനയുടെ സഹോദരി അഞ്ജന ധിമാൻ ബംഗളൂരുവിൽ താമസിക്കുന്നുണ്ട്. മറ്റൊരു സ്ത്രീയുമായി ആദേശിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാൽ ബന്ധത്തിൽനിന്ന് താൻ പിന്മാറുകയാണെന്ന് അർച്ചന പറഞ്ഞിരുന്നു. ആദേശുമായുള്ള ബന്ധത്തെപ്പറ്റി മാതാപിതാക്കളോടും അർച്ചന പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14ന് തങ്ങളറിയാതെ ആദേശിന്റെ അപ്പാർട്മെന്റിലേക്ക് അർച്ചന പോയിരുന്നു. പിന്നീട് വാട്സ്ആപ്പിലും മറ്റും ബന്ധപ്പെട്ടെങ്കിലും ബംഗളൂരുവിൽതന്നെ ഉള്ള കാര്യം പറഞ്ഞിരുന്നില്ല. മാർച്ച് 10നും പതിവായി ചെയ്യുന്നതുപോലെ അർച്ചന ഇൻസ്റ്റഗ്രാം റീൽ ചെയ്തിരുന്നു.
രാത്രി 11.30നായിരുന്നു ഇത്. എന്നാൽ, ഒരു മണിക്കൂറിനുശേഷം ആദേശാണ് തന്റെ അമ്മയെ ഫോണിൽ വിളിച്ച് അർച്ചന കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ കാര്യം അറിയിച്ചതെന്നും അഞ്ജന പറഞ്ഞു. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. മറ്റു തെളിവുകൾകൂടി പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.