യാചകരെയും അഗതികളെയും അന്തേവാസികളാക്കി; സന്നദ്ധസംഘടനക്കെതിരെ പ്രതിഷേധം

കോയമ്പത്തൂർ: യാചകരെയും അഗതികളെയും കടത്തിക്കൊണ്ടുവന്ന് മൊട്ടയടിച്ച് പാർപ്പിച്ച സന്നദ്ധ സംഘടനയുടെ നടപടിക്കെതിരെ ആദിവാസികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതേതുടർന്ന് പൊലീസെത്തി അന്തേവാസികളെ മോചിപ്പിച്ചു. സന്നദ്ധ സംഘടനയുടെ ചില പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ കോയമ്പത്തൂർ തൊണ്ടാമുത്തൂർ കെമ്പന്നൂർ ആട്ടുകൽ ആദിവാസി കോളനിക്ക് സമീപം 'പ്ലസ് ഇന്ത്യ' സന്നദ്ധ സംഘടനയുടെ കെട്ടിടത്തിലാണ് നൂറോളം പേരെ പാർപ്പിച്ചിരുന്നത്. ആരാധനാലയങ്ങൾ, ആശുപത്രികൾ തുടങ്ങിയവിടങ്ങളിൽനിന്നാണ് ഇവരെ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുവന്ന് ഇവിടെയെത്തിച്ചത്. മിക്കവരും വയോധികരാണ്. തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ എല്ലാവരെയും നിർബന്ധപൂർവം മൊട്ടയടിപ്പിച്ച് 'കരുണൈ പയനം' എന്നെഴുതിയ നീലനിറ ബനിയനുകൾ ധരിപ്പിച്ചു. മൂന്നുനേരവും ഇവർക്ക് ഭക്ഷണവും നൽകിയിരുന്നു.

'രക്ഷിക്കണ'മെന്നുപറഞ്ഞ് ഇവർ നിലവിളിച്ചപ്പോഴാണ് ആദിവാസികളും നാട്ടുകാരും പൊലീസിനും റവന്യൂ അധികൃതർക്കും വിവരം നൽകി പ്രതിഷേധരംഗത്തിറങ്ങിയത്. തുടർന്നാണ് പേരൂർ പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി അന്തേവാസികളെ മോചിപ്പിച്ചത്.

വിഴുപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന 'കരുണൈ പയനം' എന്ന ക്രിസ്ത്യൻ സന്നദ്ധ സംഘടനയാണ് ഇതിനുപിന്നിലെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - Beggars and destitutes were made inmates; Protest against voluntary organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.