മോദിക്കെതിരായ ഡോക്യുമെന്ററി; അപകീർത്തിക്കേസില്‍ ബി.ബി.സിക്ക് സമൻസ്

ന്യൂഡൽഹി: മോദിക്കെതിരായ ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' സംപ്രേക്ഷണം ചെയ്ത ബി.ബി.സിക്ക് കോടതി സമൻസ് അയച്ചു. ഡൽഹി അഡീഷനൽ ജില്ലാ ജഡ്ജി രുചിക സിംഗ്ലയാണ് സമൻസ് അയച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയോ ആർ.എസ്.എസുമായും വിശ്വഹിന്ദു പരിഷത്തുമായും ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയങ്ങളോ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ബിനയ് കുമാർ സിങ് ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി നടപടി. ബി.ബി.സി, വിക്കിമീഡിയ ഫൗണ്ടേഷൻ, ഇന്റർനെറ്റ് ആർക്കൈവ് എന്നിവർക്കാണ് ഡൽഹി കോടതി സമൻസ് അയച്ചത്. 30 ദിവസത്തിനുള്ളിൽ രേഖാമൂലമുള്ള മറുപടി സമർപ്പിക്കാനാണ് നിർദേശം. കേസിൽ ഈ മാസം 11ന് കോടതി വാദം കേൾക്കും.

ആർ.എസ്.എസിനും വിശ്വഹിന്ദു പരിഷത്തിനുമെതിരെ ഡോക്യുമെന്ററിയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ ദുരുദ്ദേശ്യ പരമാണെന്നും അത് സംഘടനകളെയും പ്രവർത്തകരെയും അപകീർത്തിപ്പെടുത്താനുള്ളതാണെന്നും ഹരജിയിൽ പറയുന്നു.

വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടം (ഫെമ) ലംഘിച്ചെന്ന് ആരോപിച്ച് നേരത്തെ ബി.ബി.സിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ബി.ബി.സിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മൂന്നു ദിവസം നീണ്ട റെയ്ഡാണ് നടത്തിയത്. റെയ്ഡല്ല, ബിബിസി ഇന്ത്യയുടെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സർവേയാണ് നടന്നതെന്നാണ് അന്ന് ആദായ നികുതി വകുപ്പ് അറിയിച്ചത്.

Tags:    
News Summary - BBC Documentary On PM Modi: Delhi Court Issues Summons To BBC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.