ബംഗാളിലെ ഭരണമാറ്റം: 'ബംഗ്ലാദേശികൾ അതിഥി തൊഴിലാളികളെന്ന വ്യാജേന തിരുവനന്തപുരത്ത് എത്തുന്നു'; കർശന പരിശോധന നടത്തുമെന്ന് വി.വി. രാജേഷ്

തിരുവനന്തപുരം: പശ്ചിമബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ അവിടെയുണ്ടായിരുന്ന ബംഗ്ലാദേശികൾ അതിഥി തൊഴിലാളികളെന്ന വ്യാജേന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വൻതോതിൽ കടന്നുകയറുന്നതായി വിവരമുണ്ടെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. തലസ്ഥാന നഗരത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരിലും അതിഥി തൊഴിലാളികളായി എത്തിയവരിലും ഇത്തരക്കാരുടെ സാന്നിധ്യമുണ്ടെന്ന് മേയർ പറഞ്ഞു. അനധികൃതമായുള്ള കടന്നുകയറ്റം കേരളത്തിന്റെ ആരോഗ്യമേഖലയെയും ക്രമസമാധാന നിലയെയും കടുത്ത രീതിയിൽ ബാധിക്കുമെന്നും മേയർ വാർത്താസമ്മേളനത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

നാടിന്റെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ കോർപ്പറേഷന്റെ ഭാഗത്തുനിന്ന് കർശനമായ ഇടപെടലുകൾ ഉണ്ടാകും. ഇതിന്റെ ആദ്യപടിയായി നഗരത്തിലെ ലേബർ കോൺട്രാക്ടർമാരുടെ പ്രത്യേക യോഗം വിളിച്ചുചേർക്കും. ലേബർ ക്യാമ്പുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും. തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ കൃത്യമാണോ എന്ന് പരിശോധിക്കുന്നതിനൊപ്പം നഗരത്തിലെ ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും ബംഗ്ലാദേശികൾ അനധികൃതമായി ജോലി ചെയ്യുന്നുണ്ടോ എന്നും അന്വേഷിക്കും. നിലവിൽ നഗരത്തിലെ ചില സ്പാകളിൽ ബംഗ്ലാദേശി വനിതകൾ ജോലി ചെയ്യുന്നതായി കോർപ്പറേഷന് വിവരം ലഭിച്ചിട്ടുണ്ട്. ഹെൽത്ത് സ്ക്വാഡിനെ ഉപയോഗിച്ച് ഇവിടങ്ങളിൽ വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കും.

അനധികൃതമായി രാജ്യത്തേക്ക് കടക്കുന്നവരുടെ ഭാഗത്തുനിന്ന് മറ്റ് പലയിടങ്ങളിലും ക്രൂരമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇത് വലിയൊരു സുരക്ഷാ പ്രശ്നമാണ്. എന്നാൽ, കൃത്യമായ രേഖകളോടെ നിയമവിധേയമായി നഗരത്തിൽ കഴിയുന്ന എല്ലാ അതിഥി തൊഴിലാളികൾക്കും പൂർണ്ണ സംരക്ഷണം ഉറപ്പാക്കുമെന്നും മേയർ വ്യക്തമാക്കി.

അതേസമയം, കോർപ്പറേഷനിലെ കൗൺസിലർമാരുടെ അവധി സംബന്ധിച്ച് ഉയർന്ന ചോദ്യങ്ങളോട്, ഇപ്പോൾ അതിൽ പ്രതികരിക്കാനില്ലെന്നായിരുന്നു മേയറുടെ മറുപടി. വിജയിച്ചുവന്ന 101 കൗൺസിലർമാരും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. പുറത്തുവരുന്ന അനാവശ്യ വാർത്തകൾ താൻ ശ്രദ്ധിക്കാറില്ലെന്നും ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ മുൻകാല കാര്യങ്ങൾ വീണ്ടും ചർച്ച ചെയ്യേണ്ടതില്ലെന്നും വി.വി. രാജേഷ് കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Bangladeshis reaching Thiruvananthapuram under the guise of migrant workers'; Mayor V.V. Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.