യു.പിയിൽ വീണ്ടും പേരുമാറ്റം; അസംഗഡിന്‍റെ പേര് ആര്യംഗഡ് എന്നാക്കും

ലഖ്നോ: യു.പിയിൽ ബി.ജെ.പി സർക്കാറിന്‍റെ നേതൃത്വത്തിൽ സ്ഥലപ്പേരുകളുടെ മാറ്റം തകൃതിയായി തുടരുന്നു. ലോക്സഭ മണ്ഡലം കൂടിയായ അസംഗഡിന്‍റെ പേര് ആര്യംഗഡ് എന്നാക്കി മാറ്റുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പ്രഖ്യാപിച്ചത്. 

അസംഖഡിലെ സർവകലാശാലക്ക് തറക്കല്ലിടുന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങിൽ പങ്കെടുത്തിരുന്നു. എസ്.പി നേതാവ് മുലായം സിങ് യാദവിന്‍റെയും മകൻ അഖിലേഷ് യാദവിന്‍റെയും മണ്ഡലം കൂടിയാണ് അസംഗഡ്.

'അസംഗഡിൽ നിന്ന് രണ്ട് മുൻ മുഖ്യമന്ത്രിമാരുണ്ടായിരുന്നു. അവരെ ലോക്സഭയിലേക്കും അയച്ചു. എന്നാൽ ഇതു കാരണം അസംഗഡിന്‍റെ സൽപ്പേര് നഷ്ടമായി. 2014ന് മുമ്പ് അസംഗഡിൽ നിന്നുള്ളയൊരാൾക്ക് രാജ്യത്ത് എവിടെയും ഒരു ഹോട്ടൽ മുറി പോലും കിട്ടില്ലായിരുന്നു. അത്രക്ക് ദയനീയാവസ്ഥയായിരുന്നു' -യോഗി പറഞ്ഞു.

യോഗി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം യു.പിയിൽ നിരവധി നഗരങ്ങളുടെയും സ്ഥാപനങ്ങളുടെയും വിനോദ കേന്ദ്രങ്ങളുടെയും പേരുമാറ്റിയിട്ടുണ്ട്. അലഹബാദിനെ പ്രയാഗ് രാജ് എന്നും ഫൈസാബാദിനെ അയോധ്യയെന്നും മിയാഗഞ്ചിനെ മായാഗഞ്ച് എന്നും പേര് മാറ്റിയിരുന്നു. അലിഗഡിനെ ഹരിഗഡ് എന്ന് മാറ്റാനുള്ള നീക്കം നടക്കുന്നുണ്ട്. ഹോഷങ്കബാദിനെ നർമദപുരം എന്നാണ് പേരുമാറ്റിയത്. ജിം കോർബറ്റ്​ ദേശീയോദ്യാനത്തിന്‍റെ പേര് രാംഗംഗ ദേശീയോദ്യാനമെന്നും മാറ്റിയിരുന്നു. 

Tags:    
News Summary - Azamgarh Should Be Renamed Yogi Adityanath On Akhilesh Yadavs Turf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.