ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തിന് മുന്നോടിയായി നവീകരിക്കുന്ന അയോധ്യയിലെ റെയിൽവേ സ്റ്റേഷനിൽ അടിമുടി ശ്രീരാമനുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ. രാമക്ഷേത്രത്തിന് സമാനമായ രൂപകല്പനയാണ് റെയിൽവേ സ്റ്റേഷന്റേതും. ശ്രീരാമനുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചുമരുകളിൽ സജ്ജമാക്കി.
മേൽക്കൂരയിൽ രണ്ട് മൂലകളിൽ ഹിന്ദുക്ഷേത്രങ്ങളിലെ മാതൃകയിൽ ‘ശിഖർ’ എന്ന വലിയ താഴികക്കുടങ്ങളുണ്ട്. രാമന്റെ ആയുധമെന്ന് വിശ്വസിക്കുന്ന അമ്പും വില്ലും ചുമരുകളിൽ ചിത്രീകരിച്ചിട്ടുണ്ട്. മുന്നിൽ സ്ഥാപിച്ചിരിക്കുന്ന വിളക്ക് തൂണുകൾക്ക് മുകളിലും അമ്പും വില്ലുമുണ്ട്. സ്റ്റേഷൻ മുഴുവൻ ക്ഷേത്രം പോലെയാണെന്നും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഛത്തിസ്ഗഢിൽനിന്നുള്ള തൊഴിലാളിയായ രാംഫാൽ പറഞ്ഞു.
ക്ഷേത്രദർശനത്തിനായി അയോധ്യയിലേക്ക് വരുന്ന ഭക്തർക്കായാണ് അയോധ്യ ജങ്ഷൻ റെയിൽവേ സ്റ്റേഷൻ വിപുലീകരിക്കുന്നത്. അയോധ്യ ധാം ജങ്ഷൻ എന്ന് കഴിഞ്ഞ ദിവസം പേര് മാറ്റിയിരുന്നു. പഴയ സ്റ്റേഷൻ കെട്ടിടത്തോട് ചേർന്നാണ് പുതിയ കെട്ടിടം. സ്റ്റേഷന്റെ മുൻഭാഗത്തെ വാസ്തുവിദ്യ പാരമ്പര്യത്തെ ഉൾക്കൊള്ളുന്നതും രാമക്ഷേത്രവുമായി ബന്ധപ്പെട്ടതുമാണെന്ന് നവീകരണം നടത്തിയ പൊതുമേഖല സ്ഥാപനമായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവിസ് ലിമിറ്റഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വൃത്താകൃതിയിലുള്ള തൂണുകൾ ഉൾപ്പെടെ സ്റ്റേഷന് 144 മീറ്റർ നീളവും 44 മീറ്റർ വീതിയും ഉണ്ട്. ആദ്യഘട്ടത്തിൽ 240 കോടിയാണ് നവീകരണത്തിനായി ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.