കൊൽക്കത്ത: ബി.ജെ.പി എം.എൽ.എ ദേബേന്ദ്രനാഥ് റോയിയുടെ മരണം ആത്മഹത്യയെന്ന് സൂചന നൽകി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരഭാഗങ്ങളിൽ മുറിവോ ചതവോ മറ്റ് പരിക്കുകളോ ഇല്ലെന്ന് റിപ്പോർട്ടിലുണ്ട്.
ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. എം.എൽ.എയുടെ ആത്മഹത്യക്കുറിപ്പിലെ പരാമർശിക്കപ്പെട്ട ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കേസ് അന്വേഷിക്കുന്ന സി.ഐ.ഡിക്ക് കൈമാറി.
പ്രാഥമിക ചോദ്യം ചെയ്യലിൽ എം.എൽ.എയുടെ മരണവുമായി ബന്ധമില്ലെന്നാണ് മൊഴിയെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. മറ്റൊരാളുടെ പേരുകൂടി ആത്മഹത്യക്കുറിപ്പിലുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ ദിനാജ്പുർ ജില്ലയിൽ ഹേംതാബാദിലെ വീടിന് സമീപത്താണ് തിങ്കളാഴ്ച രാവിലെ ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടത്.
ദേബേന്ദ്രനാഥ് റോയിയെ കൊലപ്പെടുത്തിയതാണെന്നും പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നും ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടു. കൊലപാതകമാണെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു.
അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളിയ ബി.ജെ.പി സി.ബി.ഐ അന്വേഷിക്കണമെന്ന വാദം വീണ്ടുമുയർത്തി. ഹേംതാബാദ് സംവരണ മണ്ഡലത്തിൽനിന്ന് സി.പി.എം ടിക്കറ്റിൽ നിയമസഭയിലെത്തിയ അദ്ദേഹം ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.