ബംഗളൂരു: റാപ്പിഡോ ബൈക്ക് ടാക്‌സി സേവനം ഉപയോഗിച്ചുവെന്ന കാരണത്താൽ, ബംഗളൂരുവിൽ യാത്രക്കാരന് നേരെ ഒരു സംഘം ഓട്ടോ ഡ്രൈവർമാർ അക്രമം നടത്തി. സൗത്ത് ബംഗളൂരുവിലെ മെട്രോ സ്റ്റേഷനിൽ നിന്ന് റാപ്പിഡോ ബുക്ക് ചെയ്യാൻ ശ്രമിച്ചയാളാണ് അക്രമത്തിന് ഇരയായത്.
യുവാവ് റഡ്ഡിറ്റിൽ പോസ്റ്റ് ചെയ്ത വിവരങ്ങൾ പ്രകാരം, റാപ്പിഡോ ബുക്ക് ചെയ്യുന്നതിനിടയിൽ അടുത്തുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവർ കൊണ്ടുപോകാമെന്ന് പറഞ്ഞു. അതിനെ നിരസിക്കുകയും റാപ്പിഡോ ഡ്രൈവർ എത്തിയ ഉടനെ ബൈക്കിൽ കയറുകയും ചെയ്തു. ഇതോടെ അടുത്ത് നിന്നിരുന്ന മറ്റ് ഓട്ടോ ഡ്രൈവർമാർ കൂടെ ചേരുകയും യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഞാൻ നിന്നെ കാണും, നീ അവന്റെ കൂടെ പോകുമോ? തുടങ്ങിയ വാക്കുകൾ നിന്ന് പിന്നീട് വധഭീഷണിയിലേക്കും അതിക്രമത്തിലേക്കും മാറുകയായിരുന്നു. ഓട്ടോ ഡ്രൈവർ സ്കൂട്ടറിൽ പിന്തുടർന്ന്, യുവാവിന്റെ വഴി തടഞ്ഞു. തുടർന്ന് മറ്റ് ഓട്ടോ ഡ്രൈവർമാരും സ്കൂട്ടറിൽ എത്തിയ രണ്ട് യുവാക്കളും ചേർന്ന് റാപ്പിഡോ ബൈക്ക് ചുറ്റി വളഞ്ഞു. നിന്റെ കൈ ഞങ്ങൾ വെട്ടും എന്ന് ഭീഷണിപ്പെടുത്തി.
ഭീഷണിയിൽ 112ൽ വിളിച്ചെങ്കിലും, പൊലീസ് ഉദ്യോഗസ്ഥർ തന്റെ സുരക്ഷക്ക് മുൻതൂക്കം നൽകാതെ, തന്റെ സമീപനത്തെക്കുറിച്ചാണ് വിമർശിച്ചതെന്ന് യുവാവ് ആരോപിച്ചു. ഒരു ഓഫീസർ കന്നഡയിൽ 'അവനെ അടിച്ച് വിട്ടയയ്ക്കൂ' എന്നു പറഞ്ഞതായി അദ്ദേഹം പോസ്റ്റിൽ ആരോപിക്കുന്നു.
പൊലീസ് ഇടപെടൽ ഉണ്ടായെങ്കിലും, യാത്രക്കാരന് കാര്യമായ സുരക്ഷാ ഉറപ്പ് ലഭിച്ചില്ല. അടുത്തിടെ ആർ.ആർ നഗറിൽ ഓട്ടോ ഡ്രൈവർമാർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് നാല് പേർ അറസ്റ്റിലായ സാഹചര്യത്തിലാണ് ഈ സംഭവമെന്നും അധികൃതർ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സമൂഹ മാധ്യമങ്ങളിലെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.