സി.എ.എയെയും യു.എ.പി.എയെയും യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ന്യായീകരിച്ച് ഇന്ത്യ

ജനീവ: ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ രാജ്യത്തെ വിവാദ നിയമങ്ങളായ സി.എ.എ, യു.എ.പി.എ എന്നിവയെ ന്യായീകരിച്ച് ഇന്ത്യ. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം കൗൺസിലിൽ പങ്കെടുക്കുന്നത്. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് കൗൺസിലിന് മുന്‍പാകെ സമർപ്പിച്ച മുൻകൂർ ചോദ്യങ്ങളിലാണ് മറുപടി നൽകിയത്.

മനുഷ്യാവകാശ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ അപലപിക്കുന്നതായി പറഞ്ഞ തുഷാർ മേത്ത, അതേസമയം, മനുഷ്യാവകാശ പ്രവർത്തകർ രാജ്യത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിൽ അംഗരാജ്യങ്ങൾ ആശങ്ക ഉന്നയിച്ചു. എന്നാൽ, സി.എ.എ പരിമിതവും കേന്ദ്രീകൃതവുമായ നിയമനിർമാണമാണെന്നും മേഖലയിലെ അടിച്ചമർത്തൽ നേരിടുന്ന ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ളതാണെന്നും ചരിത്ര പശ്ചാത്തലവും നിലവിലെ യാഥാർഥ്യങ്ങളും കണക്കിലെടുത്തുള്ളതാണെന്നും തുഷാർ മേത്ത മറുപടി നൽകി. പൗരത്വം നിർണയിക്കാൻ മറ്റേത് രാജ്യത്തുള്ളതുപോലെയുമുള്ള ഒരു നിയമനിർമാണമാണത്. ഇത് ആരുടെയും പൗരത്വം ഇല്ലാതാക്കുക്കയോ പൗരത്വത്തിനായുള്ള മറ്റ് നടപടി ക്രമങ്ങളെ ബാധിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


മനുഷ്യാവകാശ സംഘടനകൾക്കെതിരെ ഇന്ത്യ കൈക്കൊണ്ട നടപടികളെ കുറിച്ച് കൗൺസിലിൽ ചോദ്യമുയർന്നു. ചില മനുഷ്യാവകാശ സംഘടനകൾ അനധികൃതമായി പണം തിരിച്ചുവിടൽ, വിദേശ വിനിമയ നിയമം തുടർച്ചയായും മനഃപൂർവമായും ലംഘിക്കൽ എന്നിവ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയതിനാൽ അവർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മേത്ത പറഞ്ഞു.

മതസ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങളുടെ അവകാശം എന്നിവയെക്കുറിച്ചും ചോദ്യമുയർന്നു. മതസ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയിലുള്ളതാണെന്നും ഇതിലെ വ്യവസ്ഥകൾ വർഷങ്ങളായി ശക്തമായ നിയമനിർമാണങ്ങളിലൂടെയും ഭരണഘടനാ കോടതികളുടെ വ്യാഖ്യാനങ്ങളിലൂടെയും വികസിച്ചുവരുന്നതാണെന്നും തുഷാർ മേത്ത പറഞ്ഞു. മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുവെന്ന് ഉറപ്പാക്കാൻ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും മതസ്വാതന്ത്ര്യ നിയമം നടപ്പിലാക്കിയിട്ടുണ്ട്. ബലപ്രയോഗത്തിലൂടെയുള്ള മതംമാറ്റം തടയുന്നതാണ് ഈ നിയമങ്ങൾ.

ഇന്ത്യയിലെ പൗരന്മാരെ തീവ്രവാദികളിൽ നിന്ന് രക്ഷിക്കാനുള്ള ചുമതലയുണ്ടെന്നാണ് യു.എ.പി.എ നിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് തുഷാർ മേത്ത മറുപടി നൽകിയത്. പൗരന്‍റെ സ്വാതന്ത്ര്യവും രാജ്യത്തിന്‍റെ സുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കാനാണ് യു.എ.പി.എ നടപ്പാക്കിയത്. ഇതിന്‍റെ ദുരുപയോഗം തടയാനുള്ള മാർഗങ്ങളും നിയമത്തിനകത്ത് തന്നെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - At United Nations Event, Solicitor General Defends CAA, UAPA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.