രൺദീപ് സിങ് സുർജേവാല
ഗുവാഹത്തി: കോൺഗ്രസ് നേതാവ് പവൻ ഖേരക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ നൽകിയ അപകീർത്തി കേസുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയ്ക്ക് അസം പോലീസിന്‍റെ സമന്‍സ്. മേയ് 23ന് ഗുവാഹത്തിയിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ അസം പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം സുർജേവാലയോട് നിർദേശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലിൽ പവൻ ഖേര നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് സമൻസ് അയച്ചത്.
അസമിലെ ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് കാരണമായ കേസിൽ നിലവിലെ നീക്കം വലിയൊരു വഴത്തിരിവിലേക്ക് നയിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട വിവാദപരമായ പരാമർശങ്ങൾ, പ്രസ്താവനകൾ, സമൂഹമാധ‍്യമപ്രചാരണങ്ങൾ എന്നിവ വിശദമായി പരിശോധിക്കുന്നതിനായി അന്വേഷണത്തിന്റെ വ്യാപ്തി വർധിപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ഒരു പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര വിവാദ പരാമർശം നടത്തിയതോടെയാണ് കേസിന്റെ തുടക്കം. പരാമർശത്തെ തുടർന്ന് പരാതി നൽകുകയും തുടർന്ന് ക്രൈംബ്രാഞ്ച് കേസെടുത്ത് ഖേരയെ ചോദ്യം ചെയ്യാൻ ഗുവാഹത്തിയിലേക്ക് വിളിപ്പിക്കുകയുമായിരുന്നു.
ഈ മാസം ആദ്യം ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായ ഖേരയെ ഏകദേശം എട്ട് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം അന്വേഷണത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ലെങ്കിലും അസമിലെ ബി.ജെ.പി സർക്കാരിനെതിരെയുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്തേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകിയതോടെ അസം പൊലീസിന്റെ ഈ നടപടി ദേശീയ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.