ന്യൂഡൽഹി: ഇന്ത്യ നക്സൽ മുക്തമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാവോവാദികളെ രാജ്യത്തുനിന്ന് മാർച്ച് 31നുള്ളിൽ തുടച്ചുനീക്കുമെന്ന ദൃഢനിശ്ചയം പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്നും ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ നടത്തിയ ആദ്യ സന്ദർശനത്തിനിടെ ജഗദൽപൂരിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു. നക്സൽ കലാപം മൂലം മേഖലക്കുണ്ടായ നഷ്ടങ്ങൾക്ക് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
ബസ്തറിൽ സമാധാനവും ദ്രുതഗതിയിലുള്ള വികസനവും ഉറപ്പാക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരും പ്രതിജ്ഞാബദ്ധമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും വികസിതമായ ഗോത്ര മേഖലയായി ബസ്തർ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നക്സൽ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വിവിധ സുരക്ഷാ സേനാംഗങ്ങൾ, നക്സൽ അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാധാരണക്കാരുടെയും കുടുംബാംഗങ്ങൾ എന്നിവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
നക്സലിസം കാരണം ക്വിന്റലിന് 3100 രൂപ നിരക്കിലുള്ള നെല്ല് സംഭരണം, ഏഴ് കിലോ സൗജന്യ അരി വിതരണം, സർക്കാർ ജോലികളിലെ 15 ശതമാനം സംവരണം, അടിസ്ഥാന വിദ്യാഭ്യാസം തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങളൊന്നും ബസ്തറിലെ പല ഗോത്രവർഗ്ഗക്കാരിലേക്കും എത്തിയിരുന്നില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഏകദേശം 3,000 നക്സലുകൾ കീഴടങ്ങിയിട്ടുണ്ട്. അവർക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം നൽകുന്നതിനായി സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ബസ്തറിൽ ഉടനീളം റോഡുകൾ, ഗ്രാമവികസന പദ്ധതികൾ, ബാങ്ക് ശാഖകൾ, പോസ്റ്റ് ഓഫിസുകൾ, എൽ.പി.ജി ലഭ്യത, ഭക്ഷ്യധാന്യ വിതരണം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ക്ഷേമ സൗകര്യങ്ങളും വികസിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.