ബഹുഭാര്യത്വ നിരോധനം: 149 പേർ അഭിപ്രായം സമർപ്പിച്ചു, 146ഉം അനുകൂലം -അസം മുഖ്യമന്ത്രി

ടിൻസുകിയ: ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബില്ലിന് 45 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാർ അന്തിമരൂപം നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഡിസംബറിൽ ബിൽ നിയമസഭയിൽ അവതരിപ്പിച്ചേക്കും. ശനിയാഴ്ച അസമിലെ ടിൻസുകിയയിൽ സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിർദിഷ്ട ബില്ലിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടിയപ്പോൾ 149 പേർ പ്രതികരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 146 നിർദ്ദേശങ്ങൾ ബില്ലിന് അനുകൂലവും ബഹുഭാര്യത്വം നിരോധിക്കുന്നതിന് പിന്തുണ നൽകുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. “ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമോ എന്ന് വിശകലനം ചെയ്യാൻ നിയമ സമിതി രൂപവത്കരിച്ചിരുന്നു. അനുകൂല മറുപടിയാണ് ലഭിച്ചത്. നിർദ്ദിഷ്ട ബില്ലിനെക്കുറിച്ച് ഞങ്ങൾ പൊതുജനാഭിപ്രായം തേടി. ആകെ 149 നിർദേശങ്ങൾ ലഭിച്ചു. ഇതിൽ 146ഉം ബില്ലിന് അനുകൂലവും ബഹുഭാര്യത്വം നിരോധിക്കുന്നതിന് പിന്തുണ നൽകുന്നതുമാണ്. മൂന്നുപേർ എതിർപ്പ് പ്രകടിപ്പിച്ചു. ബില്ലിന്റെ കരട് തയ്യാറാക്കലാണ് അടുത്ത ഘട്ടം” -മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തിൽ വിദഗ്ധ സമിതി ഈ വർഷം ഓഗസ്റ്റ് ആറിന് അസം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ലൗ ജിഹാദ് തടയാൻ ബില്ലിൽ ചില പോയിന്റുകൾ ചേർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്ന ആംഡ് ഫോഴ്‌സ് സ്‌പെഷ്യൽ പവേഴ്‌സ് ആക്‌ട് (അഫ്‌സ്‌പ) പിൻവലിക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാരുമായി ചർച്ച ചെയ്ത് ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. “അഫ്‌സ്‌പ പിൻവലിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. കേന്ദ്രസർക്കാരാണ് അന്തിമ നിലപാട് എടുക്കുക. കേന്ദ്രസർക്കാരുമായി ഞാൻ ഇക്കാര്യം ചർച്ച ചെയ്യുകയും ഈ മാസം അവസാനത്തോടെ കൃത്യമായ തീരുമാനമുണ്ടാക്കുകയും ചെയ്യും’ -ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

Tags:    
News Summary - Assam govt to introduce bill to ban polygamy -Himanta Biswa Sarma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.