മനുഷ്യത്വമില്ലാതെ അസംപൊലീസ്: പ്രസവത്തിനി​ടെ മരിച്ച യുവതിയുടെ ഭർത്താവിനെയും പിതാവിനെയും ശൈശവ വിവാഹത്തിന് അറസ്റ്റ് ചെയ്തു

ഗുവാഹത്തി: കടിഞ്ഞൂൽ പ്രസവത്തിനിടെ ഭാര്യ മരിച്ചതിന്റെ വേദനയിൽനിന്ന് മുക്തമാകുംമുമ്പ് ഭർത്താവിനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച പെൺകുട്ടിക്ക് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദുഃഖം തളംകെട്ടിനിന്ന മരണവീട്ടിൽനിന്ന് ഇവരെ അറസ്റ്റ്ചെയ്ത് കൊണ്ടുപോയത്.

ആസാമിലെ ബോംഗൈഗാവ് ജില്ലയിലാണ് സംഭവം. ഫെബ്രുവരി 5 ന് ആദ്യ പ്രസവത്തിനിടെയാണ് 18കാരി സർക്കാർ ആശുപത്രിയിൽ രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. ഇതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം ഭർത്താവ് സഹിനൂർ അലി (23), പെൺകുട്ടിയുടെ പിതാവ് അയ്നൽ ഹഖ് (48) എന്നിവരെ പൊലീസ് പിടികൂടിയത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യാഴാഴ്ച അറിയിച്ചു.

“പ്രായപൂർത്തിയാകുന്നതിന് മുമ്പാണ് യുവതി വിവാഹിതയായത്. അതിനാൽ ഞങ്ങൾ അവളുടെ ഭർത്താവിനെയും പിതാവിനെയും അറസ്റ്റ് ചെയ്തു. ശൈശവ വിവാഹ നിയമപ്രകാരം അവർക്കെതിരെ കേസെടുത്തിട്ടുണ്ട്” -ബോംഗൈഗാവ് ജില്ല പൊലീസ് സൂപ്രണ്ട് സ്വപ്നനീൽ ദേക മാധ്യമങ്ങളോട് പറഞ്ഞു.

അതിനി​ടെ, ശൈശവവിവാഹത്തിന്റെ പേരിൽ അസം പൊലീസ് വ്യാപകമായി ആളുകളെ പിടികൂടി തുറങ്കിലടക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ആറ് ദിവസത്തിനിടെ സംസ്ഥാനത്ത് 2,666 പേരെ അറസ്റ്റ് ചെയ്തതായാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അവകാശപ്പെട്ടത്. ‘ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 4,074 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏകദേശം 8,000 പേരാണ് പ്രതികൾ. ഇതിൽ 4,000 പേരെ മുന്നറിയിപ്പ് നൽകി വിടും. ബാക്കിയുള്ള പ്രതികളെ അറസ്റ്റ് ചെയ്യും. ഇതുവരെ 2,666 പേർ അറസ്റ്റിലായി. ഈ സാമൂഹിക വിപത്തിനെതിരായ മുന്നേറ്റം തുടരും. ഈ കുറ്റകൃത്യത്തിനെതിരായ പോരാട്ടത്തിൽ അസമിലെ ജനങ്ങളുടെ പിന്തുണ തേടുന്നു’ -ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റിൽ പറഞ്ഞു.

അതേസമയം, ബോംഗൈഗാവിൽ മരിച്ച പെൺകുട്ടിയെ പ്രസവമടുത്തിട്ടും പൊലീസ് നടപടി ഭയന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈകിയതായി കുടുംബാംഗം പറഞ്ഞു. “പൊലീസിനെ ഭയന്ന് വീട്ടിൽ വെച്ച് പ്രസവിക്കാൻ നിർബന്ധിച്ചിരുന്നു. ഒടുവിൽ ആരോഗ്യനില വഷളായതിനെ തുടർന്നാണ് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. പിന്നീട് ഡോക്ടർമാർ അവളെ ബോംഗൈഗാവിലെ സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്തു” കുടുംബാംഗം പറഞ്ഞു.

പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് പ്രസവാനന്തര രക്തസ്രാവം മൂലമാണ് പെൺകുട്ടി മരിച്ചതെന്ന് ബോംഗൈഗാവ് ഹെൽത്ത് ജോയിന്റ് ഡയറക്ടർ പരേഷ് റായ് പറഞ്ഞു. ‘ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ ഗുരുതരാവസ്ഥയിലായിരുന്നു. ഗർഭാവസ്ഥയിലും സങ്കീർണതകൾ ഉണ്ടായിരുന്നു. കുടുംബാംഗങ്ങൾ വീട്ടിൽ പ്രസവത്തിന് ശ്രമിച്ചത് കൂടുതൽ സങ്കീർണ്ണമാക്കി” -അദ്ദേഹം പറഞ്ഞു. നവജാത ശിശു രക്ഷപ്പെട്ടതായും കുഞ്ഞിന് വൈദ്യസഹായം നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പെൺകുട്ടിയുടെ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ മജിസ്‌ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ടതായി ജില്ല പൊലീസ് സൂപ്രണ്ട് സ്വപ്നനീൽ ദേക പറഞ്ഞു.

പെൺകുട്ടിയുടെ മരണത്തിന് ബി.ജെ.പിയാണ് ഉത്തരവാദിയെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ഗൗരവ് ഗൊഗോയി ആരോപിച്ചു. ‘മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിഢ്ഡിത്തം നിറഞ്ഞ നടപടികൾ മൂലം ഗർഭിണികളായ കുട്ടികൾ പ്രസവത്തിന് ആശുപത്രിയെ സമീപിക്കുന്നില്ല. ഇത് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അമ്മയെ നഷ്ടപ്പെടാൻ ഇടയാക്കുന്നു. പിതാവാണെങ്കിൽ ജയിലിലും’ -ഗൊഗോയ് ട്വീറ്റ് ചെയ്തു.

Tags:    
News Summary - Assam girl dies during delivery; Husband, father arrested for child marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.