ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 12 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തൊട്ടാകെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ആറ് പേർ മരിച്ചു. ഹൈലകണ്ടി, ശ്രീഭൂമി, മോറിഗാവ്, കാച്ചർ, സോണിത്പൂർ, ടിൻസുകിയ ജില്ലകളിൽ നിന്നാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. 21 ജില്ലകളിലായി 2.57 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.
ശ്രീഭൂമി ജില്ലയിലെ ബരാക് താഴ്‌വരയിൽ മാത്രം 94,000-ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ബരാക് താഴ്‌വരയും പ്രധാന പട്ടണമായ സിൽച്ചറിലെ ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ അന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദീർഘകാല പ്രക്രിയകൾ ഒഴിവാക്കി വേഗത്തിലുള്ള ആശ്വാസം നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളപ്പൊക്ക ബാധിതരായ ഓരോ കുടുംബത്തെയും സമയബന്ധിതമായി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെയുള്ള 511 ദുരിതാശ്വാസ കാമ്പുകളിലേക്ക് 39,000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
മണിപ്പൂരിലും വെള്ളപ്പൊക്കത്തെ തുടർന്ന് സ്ഥിതി ഗുരുതരമാണ്. വെള്ളപ്പൊക്കബാധിതരുടെ എണ്ണം 1.64 ലക്ഷമായി ഉയർന്നു. 3917 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര എന്നിവയുൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജൂൺ അഞ്ച് വരെ കനത്ത മഴ തുടരുമെന്നും അതിനുശേഷം തീവ്രത കുറയുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.