ഡൽഹിയിലെ കർഷക പ്രക്ഷോഭം

നാളത്തെ ചർച്ച വരെ ഞങ്ങൾ കാത്തിരിക്കും; ശേഷം ഡൽഹിയിലെ പ്രക്ഷോഭത്തിൽ അണിചേരും -അസമിലെ കർഷകർ

ഗുവാഹതി: കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ അസമിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഡൽഹിയിലെ പ്രക്ഷോഭത്തോടൊപ്പം അണിചേരുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ കർഷകർ പ്രതിഷേധമുയർത്തിയത് അസമിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടിയാണ്.

ഡൽഹിയിൽ പ്രക്ഷോഭരംഗത്തുള്ള കർഷക കൂട്ടായ്മയായ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ ബുധനാഴ്ച ഗുവാഹതിയിലെ രാജ്ഘട്ടിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. 'കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക', 'അസം കർഷകർക്കൊപ്പം' തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തി.

ഡൽഹിയിലെ പ്രക്ഷോഭകരുമായി കേന്ദ്ര സർക്കാർ മൂന്നിന് നടത്താനിരിക്കുന്ന ചർച്ചക്ക് കാത്തിരിക്കുകയാണെന്നും അതിന് ശേഷം പ്രക്ഷോഭത്തിൽ പങ്കെടുക്കാനുള്ള തീരുമാനം കൈക്കൊള്ളുമെന്നും നേതാക്കൾ പറഞ്ഞു.

ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ താൽപര്യം കാണിച്ചില്ലെങ്കിൽ ഞങ്ങൾ ഡൽഹിയിലേക്ക് പോകും. ഈ ബില്ലുകൾ നമ്മുടെ ഭൂമി പിടിച്ചെടുക്കാനുള്ള തന്ത്രമാണ്. കോർപ്പറേറ്റുകൾക്ക് ഭൂമി വിറ്റശേഷം ഞങ്ങൾ ആത്മഹത്യ ചെയ്യാനോ കൂലിപ്പണിക്കാരായി ജോലിചെയ്യാനോ നിർബന്ധിതരാകും -കർഷകർ പറയുന്നു.

അതേസമയം, പുതിയ കാർഷിക നിയമങ്ങൾ പ്രതികൂലമായി ബാധിച്ച ഇടനിലക്കാരാണ് കർഷകരെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചതെന്നും പ്രക്ഷോഭം നിയമസഭാ തെരഞ്ഞെടുപ്പിൽ യാതൊരു സ്വാധീനവും ചെലുത്തില്ലെന്നുമാണ് അസമിലെ ബി.ജെ.പി നേതൃത്വം പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.