ബി.ജെ.പി നേതാക്കളുടെ കേസിനെക്കുറിച്ച് പോസ്റ്റിട്ടതിന് അസം കോൺഗ്രസ് വക്താവ് അറസ്റ്റിൽ

ദിസ്പൂർ: മൂന്ന് ബി.ജെ.പി നേതാക്കൾക്കെതിരായ കേസിന്‍റെ ഗതിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് അസം കോൺഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തു. റീതം സിങ് ആണ് ശനിയാഴ്ച അറസ്റ്റിലായത്.

മാർച്ച് 13 നാണ് റീതം സിങ് അറസ്റ്റിന് കാരണമായ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. 2021-ൽ ധേമാജി ജില്ലയിൽ നടന്ന ഒരു ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടവരെക്കുറിച്ചുള്ള വാർത്ത ഷെയർ ചെയ്ത റീതം, ബിജെപി നേതാക്കളായ മനാബ് ദേക, അസം ബി.ജെ.പി മുൻ മേധാവി ഭാബേഷ് കലിത, മുൻ മന്ത്രി രാജൻ ഗൊഹെയ്ൻ എന്നിവരെ തന്‍റെ പോസ്റ്റിൽ ബലാത്സംഗക്കേസ് പ്രതികൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. അസം ബി.ജെ.പിയെ ടാഗ് ചെയ്ത്, നിയമം എല്ലാവർക്കും തുല്യമാണോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.

മാനബ് ദേകയുടെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലാഖിംപൂർ പൊലീസ് ഗുവാഹതിയിലെ വീട്ടിലെത്തിയാണ് റീതത്തെ അറസ്റ്റ് ചെയ്തത്. വാറന്‍റോ നോട്ടീസോ തനിക്ക് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യം അറസ്റ്റിന് വഴങ്ങാൻ റീതം സിങ് വിസമ്മതിച്ചു.

അറസ്റ്റിനെതിരെ വൻപ്രതിഷേധമുയർത്തിയിരിക്കുകയാണ് കോൺഗ്രസ്. തങ്ങളുടെ വക്താവിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമെന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. അമിത് ഷാ അസമിൽ സന്ദർശനത്തിനെത്തിയ ദിവസമാണ് കോൺഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തതെന്നും വലിച്ചിഴച്ചാണ് റീതം സിങ്ങിനെ പൊലീസ് കൊണ്ടുപോയതെന്നും ഗൗരവ് ഗൊഗോയ് വിമർശിച്ചു.

Tags:    
News Summary - Assam Congress spokesperson arrested for posting about BJP leaders case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.