ബി.ജെ.പി എക്സിൽ പങ്കുവെച്ച് മുസ്‍ലിം ഭീകരത പരത്തുന്ന വിഡിയോയുടെ ഭാഗങ്ങൾ
ഗുവാഹതി: അസമിൽ 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുസ്‍ലിംകളെ താറടിക്കുന്ന എ.ഐ വിഡിയോയുമായി ബി.ജെ.പി. ബി.ജെ.പിയില്ലായിരുന്നെങ്കിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മുഴുവൻ മുസ്ലിംകളുടെ ആധിപത്യമായിരിക്കുമെന്നും വിഡിയോയിൽ അടിവരയിടുന്നുമുണ്ട്.
സെപ്റ്റംബർ 15നാണ് അസമിലെ ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് പേജിൽ എ.ഐ വിഡിയോ പോസ്റ്റ് ചെയ്തത്. ഇതുവരെയായി 2.5 മില്യൺ ആളുകളാണ് അത് കണ്ടത്. മുസ്‍ലിംകളുടെ ആ സ്വപ്നം പൂവണിയാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന തലക്കെട്ടോടു കൂടിയാണ് വിഡിയോ എക്സിൽ പോസ്റ്റ് ചെയ്തത്.
ഒരു മുസ്‍ലിം വയോധികൻ മാട്ടിറച്ചി മുറിക്കുന്നത് വെച്ചാണ് വിഡിയോ തുടങ്ങുന്നത്. അതിന് താഴെ മാട്ടിറച്ചി നിയമാനുസൃതമാക്കി എന്ന കുറിപ്പുമുണ്ട്. പിന്നീട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉപ നേതാവ് ഗൗരവ് ഗൊഗോയിയും പാക് പതാകയേന്തി നിൽക്കുന്നതാണ്. അതിന്റെ ബാക്ഗ്രൗണ്ടിൽ പാകിസ്താൻ ബന്ധമുള്ള പാർട്ടി എന്ന് കാണാം. അടുത്തതായി കാണിക്കുന്നത് അസമിലെ പ്രശസ്തമായ തേയിലത്തോട്ടമാണ്. അവിടെ നിറച്ചും മുസ്‍ലിംകളാണ്. അസമിലെ തേയില എസ്റ്റേറ്റുകൾ എന്നാണ് കാപ്ഷനായി നൽകിയിരിക്കുന്നത്.
ഗുവാഹതി വിമാനത്താവളം, ഗുവാഹതി അക്കോലാൻഡ് വാട്ടർ തീം പാർക്ക്, രംഗ് ഘർ, സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ആംഫിതിയേറ്റർ എന്നിവ വിഡിയോയിൽ കാണിക്കുന്നുണ്ട്. അവിടെയെല്ലാം മുസ്‍ലിംകൾ മാത്രമാണുള്ളത്. അതുപോലെ ഗുവാഹതി സ്റ്റേഡിയവും മുസ്‍ലിംകൾ മാത്രം താമസിക്കുന്ന പട്ടണങ്ങളും.
അയൽരാജ്യങ്ങൾ വഴി നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് എളുപ്പത്തിൽ അസമിലെത്താമെന്നും വിഡിയോയിലെ ചില രംഗങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഹിന്ദുക്കളുടെ ഭൂമി അങ്ങനെ മുസ്‍ലിംകൾ കൈയേറുകയാണ്. ബി.ജെ.പിയില്ലായിരുന്നുവെങ്കിൽ സംസ്ഥാനത്തെ ജനസംഖ്യയിൽ 90 ശതമാനവും മുസ്‍ലിംകളായി മാറുമായിരുന്നുവെന്ന അവകാശവാദത്തോടെയാണിത്. 'നിങ്ങളുടെ ഓരോ വോട്ടും ശ്രദ്ധയോടെ വിനിയോഗിക്കണം' എന്നു പറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്.
അസം ഭരിക്കുന്നത് ബി.ജെ.പിയാണ്. ഹിമന്ത ബിശ്വ ശർമയാണ് മുഖ്യമന്ത്രി. മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദങ്ങളിൽ ഇടംപിടിക്കുന്ന നേതാവാണ് ഹിമന്ത. അടുത്ത വർഷമാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വിഡിയോക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വിഡിയോ അസ്വസ്ഥതയുണ്ടാക്കുന്നതും വെറുപ്പ് നിറഞ്ഞതുമാണെന്ന് എ.ഐ.എം.എം നേതാവ് അസദുദ്ദീൻ ഉവൈസി ആരോപിച്ചു. ബി.ജെ.പിയില്ലായിരുന്നുവെങ്കിൽ അസം മുസ്‍ലിം മേധാവിത്വമുള്ള സംസ്ഥാനമാകുമായിരുന്നു എന്ന് പ്രചരിപ്പിക്കു ബി.ജെ.പിയുടെ എ.ഐ വിഡിയോ വെറുപ്പുളവാക്കുന്നതാണ്. വോട്ടിനു വേണ്ടി മാത്രമല്ല അവർ ഭയം ജനിപ്പിക്കുന്നത്. ഇതാണ് യഥാർഥ രൂപത്തിലുള്ള വെറുപ്പുളവാക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രം. ഇന്ത്യയിലെ മുസ്‍ലിംകളുടെ നിലനിൽപ്പ് തന്നെ അവർക്ക് വലിയ പ്രശ്നമാണ്. ഒരു മുസ്‍ലിം മുക്ത ഭാരതമാണ് അവരുടെ സ്വപ്നം. നിരന്തരമായ ഈ പരാതിക്ക് പുറമെ അവർക്ക് ഇന്ത്യയെക്കുറിച്ച് ഒരു ദർശനവുമില്ല''-എന്നാണ് വിഡിയോക്കെതിരെ ഉവൈസി എക്സിൽ കുറിച്ചത്.
പാകിസ്താനെ കുറിച്ച് പറയാതെ ബി.ജെ.പിക്ക് ഒരിക്കലും പ്രചാരണം നടത്താൻ സാധിക്കില്ല എന്നാണ് നെറ്റിസൺസിന്റെ പ്രതികരണം. എ.ഐ വിഡിയോയിലൂടെ സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് മറ്റു ചിലർ ആരോപിച്ചു. ബി.ജെ.പിയുടെ വിദ്വേഷം വമിക്കുന്ന രാഷ്ട്രീയം ഇന്ത്യയുടെ അർബുദമായി മാറിയെന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. ഒന്നിപ്പിക്കുന്നതിന് പകരം, അവർ വോട്ടിനു വേണ്ടി ഹിന്ദുക്കളെയും മുസ്‍ലിംകളെയും ഭിന്നിപ്പിക്കുകയാണ്. നിങ്ങളുടെ ഇത്തരത്തിലുള്ള ഹിന്ദു മുസൽമാൻ വിഡിയോ പരാജയമാണ്. നല്ല റോഡുകൾ, കൂടുതൽ തൊഴിൽ അവസരങ്ങൾ എന്ന വാഗ്ദാനങ്ങളുമായി വരൂ എന്നാണ് മറ്റൊരാൾ കുറിച്ചത്. അതേസമയം,വിഡിയോയെ പിന്തുണക്കുന്ന എക്സ് യൂസേഴ്സും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.