പള്ളിയിൽ കയറുമ്പോൾ പൊലീസുകാരോട് ഷൂ അഴിക്കാൻ അഭ്യർഥിച്ചു; യു.പിയിൽ മുസ്‍ലിം യുവാവിന് ക്രൂര മർദനമെന്ന് പരാതി

ലഖ്നോ: പള്ളിയിൽ കയറുമ്പോൾ പൊലീസുകാരോട് ഷൂ അഴിക്കാൻ അഭ്യർഥിച്ചതിന് മുസ്‌ലിം യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ദർവേസ്പൂർ സ്വദേശി ജുനൈദ് ബാബുവിനാണ് മർദനമേറ്റത്. കോഖ്‌രാജ് പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരാണ് മർദിച്ചതെന്ന് യുവാവ് ആരോപിച്ചു.

പൊലീസ് മർദനത്തെ കുറിച്ച് യുവാവ് വിശദീകരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബാങ്ക് വിളിക്കുള്ള ഉച്ചഭാഷിണി നീക്കം ചെയ്യാൻ വന്ന പൊലീസ് ഉദ്യോഗസ്ഥർ ഷൂ ധരിച്ച് പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ചെന്ന് വിഡിയോയിൽ പറയുന്നു. ഇതുകണ്ട ജുനൈദ്, ഷൂ അഴിച്ച് കയറാൻ അഭ്യർഥിച്ചെങ്കിലും പൊലീസുകാർ അത് വകവെക്കാതെ ലൗഡ് സ്പീക്കർ നീക്കം ചെയ്യാൻ തുടങ്ങി. ജുനൈദിന്റെ ആവർത്തിച്ചുള്ള അഭ്യർഥനയിൽ രോഷാകുലരായ പൊലീസുകാർ ‘ഇവൻ കൂടുതൽ സംസാരിക്കുന്നു’ എന്ന് പറഞ്ഞ് പൊലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

പൊലീസ് വടി ഉപയോഗിച്ച് ക്രൂരമായി മർദിച്ചതായും കൈകളിലും ചെവിയിലുമുൾപ്പെടെ പരിക്കേറ്റതായും വിഡിയോയിൽ ജുനൈദ് പറയുന്നു. ശരീരത്തിൽ അടിയേറ്റ രീതിയിലുള്ള പാടുകളുമുണ്ട്. മർദന വിവരം ആരോടെങ്കിലും പറഞ്ഞാൽ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവിടെ നിന്ന് പുറത്തുവിടുന്നതിന് മുമ്പ് തന്റെ വിഡിയോ പകർത്തിയെന്നും ജുനൈദ് ആരോപിച്ചു.

അതേസമയം, ജുനൈദിന്റെ ആരോപണങ്ങൾ നിഷേധിച്ച് കോഖ്‌രാജ് പൊലീസ് ഇൻസ്പെക്ടർ കെ. മൗര്യ രം​ഗത്തെത്തി. ജുനൈദ് പൊലീസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, തങ്ങൾ എല്ലാ മതത്തെയും ബഹുമാനിക്കുന്നെന്നും എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും അവകാശപ്പെട്ടു.

അതേസമയം, ജുനൈദിന്റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് ചോദിച്ചപ്പോൾ, അത് ലൗഡ്സ്പീക്കർ താഴെയിറക്കാൻ ശ്രമിക്കുന്നതിനിടെ താഴെവീണപ്പോൾ സംഭവിച്ചതാണെന്നായിരുന്നു പൊലീസിന്റെ വാദം. ജുനൈദിന്റെ പരാതി ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും മൗര്യ പറഞ്ഞു. ഗ്രാമത്തിൽ നിന്നുള്ള മൂന്ന് ഹിന്ദു യുവാക്കളാണ് പൊലീസ് സ്റ്റേഷനിൽ വന്ന് ഉച്ചഭാഷിണിയെക്കുറിച്ച് പരാതിപ്പെട്ടതെന്നും ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Asked the police to take off shoes while entering the mosque; Complaint of brutal beating of a Muslim youth in U.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.